ബെംഗളൂരു ∙ കാർഷിക മേഖലയിലെ നവീന ഉപകരണങ്ങളും കൃഷിരീതികളും വിത്തിനങ്ങളും പരിചയപ്പെടുത്തുന്ന കൃഷിമേളയ്ക്ക് ഇന്നു തുടക്കമായി. ഹെബ്ബാളിലെ ഗാന്ധി കൃഷി വിജ്ഞാൻ കേന്ദ്ര (ജികെവികെ) ത്തിൽ നടക്കുന്ന നാലു ദിവസത്തെ മേളയിൽ എഴുനൂറോളം സ്റ്റാളുകൾ ഉണ്ടായിരിക്കും. ബെംഗളൂരു കാർഷിക സർവകലാശാലയാണ് (യുഎഎസ്–ബി) മേള സംഘടിപ്പിക്കുന്നത്. ഗവർണർ വാജുഭായി വാല മേള ഉദ്ഘാടനം ചെയ്യും.
19നു സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുക്കും. 12 ലക്ഷത്തോളം സന്ദർശകരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്നു സർവകലാശാല വൈസ് ചാൻസലർ എച്ച്.ശിവണ്ണ പറഞ്ഞു. കർഷകർക്കുള്ള അഞ്ച് സംസ്ഥാനതല പുരസ്കാരങ്ങളും മികച്ച പുരുഷ–വനിതാ കർഷകർക്കുള്ള 20 പുരസ്കാരങ്ങളും മേളയിൽ വിതരണം ചെയ്യും. ഇതിനു പുറമെ 59 താലൂക്കുകളിലെയും മികച്ച യുവ വനിതാ–പുരുഷ കർഷകർക്കും പുരസ്കാരങ്ങൾ സമ്മാനിക്കും.