കാന്‍സര്‍ ചികിത്സയുടെ മറവില്‍ നേടുന്നത് കോടികള്‍;കാന്‍സര്‍ ചികിത്സക്കായി ഷിമോഗയിലേക്ക് വണ്ടി കയറും മുന്‍പ് ഇതൊന്ന് വായിക്കുക.

ക്യാന്‍സര്‍ രോഗങ്ങളെ എല്ലാം പരിപ്പൂര്‍ണ്ണമായി സുഖപ്പെടുത്തുന്ന ഷിമോഗയില്‍ ഉള്ള ഒരു വൈദ്യരെ പറ്റി നിങ്ങള്‍ക്ക് വാട്സ്ആപ്പ് സന്ദേശം ലഭിച്ചുവോ ? എങ്കില്‍ ശ്രദ്ധിക്കുക. രാജ്യത്തില്‍ ഉടനീളം പടര്‍ന്നു പന്തലിക്കുക ഒരു വ്യാജചികിത്സ ശൃഖലയുടെ ക്യാന്‍വാസിംഗിന് ഇര ആയത് ആയിരിക്കും നിങ്ങള്‍.

കർണാടകയില്‍ ഉള്ള ഷിമോഗ സാഗര എന്ന പ്രദേശം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വയം ആയുര്‍വേദ ചികിത്സകന്‍ എന്ന് അവകാശപ്പെട്ടുന്ന ആളാണ് N.S മൂര്‍ത്തി വൈദ്യര്‍ അഥവാ നാര്‍സിപുര സുബൈയഹ് നാരായണ മൂര്‍ത്തി. ആയുര്‍വേദ ചികിത്സകന്‍ എന്ന് അവകാശപ്പെട്ടുന്ന ഇദ്ദേഹത്തിനു നിയമപരമായ യാതൊരുവിധ രജിസ്റ്ററേഷനും ഉള്ളതല്ല. Indian Medicine central countil act പ്രകാരം വ്യാജചികിത്സന്‍ ആണീ ഷിമോഗ വൈദ്യര്‍. ഇന്ത്യയില്‍ ആധുനിക വൈദ്യശാസ്ത്ര മരുന്നുകള്‍ നല്‍കണം എങ്കില്‍ M.B.B.S യോഗ്യത ഉള്ളത് പോലെ ആയുര്‍വേദ മരുന്നുകള്‍ നിയമാനുസൃതമായി നല്‍ക്കാന്‍ B.A.M.S ( Bachelor of Ayurvedic Medicine and Surgery ) എന്ന ബിരുദ യോഗ്യത ആവിശ്യമുണ്ട്. പക്ഷെ സ്വയം ആയുര്‍വേദ ചികിത്സകന്‍ എന്ന് അവകാശപ്പെട്ടുന്ന ഇദ്ദേഹത്തിനു ഇത്തരം ഔദ്യോഗിക യോഗ്യതകള്‍ ഒന്നും നേടിയിട്ടില്ല. ഇത് മാത്രമല്ല ഇദ്ദേഹം പിന്തുടരുന്ന ചികിത്സ രീതികള്‍ ആധുനിക ശാസ്ത്രത്തിനും ആയുര്‍വേദ ചികിത്സയ്ക്കും ഒരേ പോലെ വിരുദ്ധമായതാണ്.

ഒരു ദിവസം ആറുനൂറില്‍ ഏറെ പേരാണ് ഇദ്ദേഹത്തിന്റെ അനുയായികള്‍ നല്‍ക്കുന്ന വ്യാജ വാഗ്ദാനങ്ങള്‍ വിശ്വസിച്ചു ചികിത്സയ്ക്കു എത്തുന്നത്. ഇങ്ങനെ എത്തുന്നവരില്‍ നിന്ന് നേടുന്ന പണം ഒരു ദിവസം രണ്ട് ലക്ഷത്തില്‍ ഏറെയാണ്‌, വര്ഷം കോടിക്കണക്കിനു. വര്‍ഷങ്ങളായി നിയമവിരുദ്ധമായി ചികിത്സ നടത്തുന്ന ഈ വ്യാജചികിത്സകന്‍ കോടി കണക്കിന് രൂപ എറിഞ്ഞു തനിക്കു നേരെ വരുന്ന നിയമ നടപടികളെ ഒഴിവാക്കുകയും പരസ്യത്തിനായി പി.ആര്‍ വര്‍ക്ക് ചെയ്യുക ആണെന്നും സംശയങ്ങള്‍ ഉണ്ട്. അടുത്ത കുറച്ചു വര്‍ഷങ്ങള്‍ ആയി ഇദ്ദേഹത്തിനു വേണ്ടിയുള്ള ക്യാന്‍വാസിംഗ് വാട്സ്അപ്പ്, ഫേസ്ബുക്ക് തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ ആണ്. ഇതിന്റെ ഭാഗമായി ആണ് കേരളത്തില്‍ ഇപ്പോള്‍ പ്രചരിക്കുന്ന മെസേജ് എന്നും സംശയിക്കേണ്ടി ഇരിക്കുന്നു. ഇത് മാത്രം അല്ലാതെ പല വാര്‍ത്ത‍ മാധ്യമങ്ങളെയും വാടയ്ക്കു എടുത്തു പരസ്യങ്ങളും, വാര്‍ത്തകളും, വീഡിയോകളും ഇദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്.

അനേകം ആളുകളെ ചികിത്സിച്ചു ഭേദം ആക്കി എന്ന് അവകാശപ്പെട്ടുന്ന ഇദ്ദേഹത്തിന്റെ അടുക്കല്‍ നിന്നും കാന്‍സര്‍ രോഗം സൌഖ്യമായി എന്ന് സയന്റിഫിക് ആയ തെളിവുകള്‍ നല്‍ക്കുന്ന ഒരു കേസ് പോലും ഇല്ല എന്നതാണ് വാസ്തവം. ഇത് മാത്രമല്ല ഇദ്ദേഹം നല്‍ക്കുന്ന പദാര്‍ത്ഥംFood Safety and Standards Authority of India യിന്റെയോ Central Drugs Standard Control Organization യിന്റെയോ അംഗീകാരം ഉള്ളതല്ല. യാതൊരുവിധ ഗുണനിലവാരവും ഉറപ്പാക്കാതെ വില്‍ക്കുന്ന ഈ പദാര്‍ത്ഥങ്ങള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാവുന്നതാണ്. ഇങ്ങനെ നിര്‍മ്മിക്കുന്ന പച്ചില സംയുക്തങ്ങളില്‍ പ്ലാന്റ് ടോക്സിനുകള്‍ , ഫൈറ്റോഹോര്‍മോനുകള്‍, ഹാനീകരമായ സസ്യക്ഷാരകല്‍പങ്ങള്‍ അഥവാ ആൽകലോയഡ്സ്, ലെഡ് മുതലായ ഹെവി മെറ്റല്‍സ്‌ തുടങ്ങിയവ കാണാന്‍ സാധ്യതയുണ്ട്. ഇത് കിഡ്നി പോലെയുല്‍ ആന്തരിക അവയവങ്ങളെ കാലക്രമേണ നശിപ്പിക്കയോ, ചില അവസരങ്ങളില്‍ ശീഘ്രമായ മരണത്തിലോടോ, തളര്‍ച്ചയിലോടോ നയിക്കാം.

കാന്‍സര്‍ എന്നത് മൃഗങ്ങളില്‍ ആകമാനം ഉണ്ടാക്കുന്ന ഇരുന്നൂറില്‍ ഏറെ രോഗങ്ങളെ ഒന്നിച്ചു വിളിക്കുന്ന പേരാണ്. ശരീരത്തിലെ ചില ഭാഗങ്ങളിലെ അനിയന്ത്രിതമായ കോശവിഭജനവും വളര്‍ച്ചയും ആണ് കാന്‍സര്‍ രോഗങ്ങളുടെ പൊതു പ്രകൃതി. കോശവിഭജനത്തിനു കാരണം ആകുന്ന പ്രോട്ടോഓങ്കോ ജീനുകള്‍ എന്ന ജനിതിക പദാര്‍ത്ഥത്തിന്റെ ഭാഗങ്ങള്‍ മാറി ഓങ്കോ ജീനുകള്‍ ആകുന്നതും, അതിനെ നിയന്ത്രിക്കേണ്ട ഇന്‍ഹിബിറ്റര്‍ ജീനുകള്‍ ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കാത്തതുമാണ് ക്യാന്‍സര്‍ എന്ന് സാങ്കേതികമായി പറയാം. ഇത് ലോകത്തില്‍ ആകമാനം ഉള്ള ബഹുകോശ മൃഗങ്ങളിലും ( eumetazoa) വരുന്ന രോഗമാണ്. ഒരു ബഹുകോശ ജീവിയ മനുഷ്യരിലും ഇത് വരും. കാന്‍സര്‍ രോഗത്തിന് കാരണങ്ങള്‍ പലതാണ്. കോശങ്ങളിലെ ജനിതികപപദാര്‍ത്ഥത്തില്‍ കാലക്രമേണ വന്നു ചേരുന്ന സ്വാഭാവിക മ്യൂട്ടെഷന്‍സ്, എക്സ്റേ, ഗാമ തുടങ്ങിയ ശക്തിയായ റെഡിയെഷന്‍സ്, പുകവലി മുഖാന്തരവും ഫോസില്‍ എണ്ണക്കളുടെ ഉപയോഗം മുഖാന്തരവും വന്നു ചേരുന്ന ക്യാന്‍സറോജെനിക് ആയ ഹൈഡ്രോകാര്‍ബണ്‍ സംയുക്തങ്ങള്‍, HIV, hepatitis B തുടങ്ങിയ ക്യാന്‍സര്‍ സൃഷ്ടിക്കാവുന്ന ഓങ്കോ വൈറസുകള്‍, പാരമ്പര്യ  ജനിതിക സവിശേഷത, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തുടങ്ങി കാന്‍സര്‍ ഉണ്ടാക്കാന്‍ അസംഖ്യമായ കാരണങ്ങള്‍ ഉണ്ട്.

ഓരോ ക്യാന്‍സറിനും പ്രത്യേകമായ ചികിത്സ ആവിശ്യമാണ്. ശരീരത്തില്‍ നിന്നും ക്യാന്‍സര്‍ കോശങ്ങളെ പുറംതള്ളുകയും ഇനിയും അവ ശരീരത്തില്‍ ഉണ്ടാക്കാന്‍ ഉള്ള അവസ്ഥയെ പരിമിതിപ്പെട്ടുതുകയും ആണ് ആധുനിക വൈദ്യശാസ്ത്രം ചെയ്യുന്നത്. ഇതിനായി പ്രത്യേക അവസ്ഥകള്‍ നോക്കി ക്യാന്‍സര്‍ ബാധിച്ച ഭാഗത്തെ മുറിച്ചു മാറ്റുന്ന ശാസ്ത്രക്രീയ രീതികള്‍, വളരെ പെട്ടന്നു വിഭജിക്കുന്ന കോശങ്ങളാണ് ക്യാന്‍സര്‍ സെല്ല്സ് അങ്ങനെ ഉള്ള കോശങ്ങളെ നശിപ്പിക്കുന്നത് വഴി ക്യാന്‍സര്‍ സെല്ലുകളെ ഇല്ലാതെ ആക്കാം അതിനായി ഉള്ള കീമോതെറാപ്പി, ശക്തിയേറിയ വൈദ്യൂകാന്തിക മണ്ഡലം ഉപയോഗിച്ച് കാന്‍സര്‍ ബാധിച്ച ടിഷ്യൂവിനെ നശിപ്പിക്കുന്ന റെഡിയെക്ഷന്‍ തെറാപ്പി, ഹോര്‍മോണ്‍ സംബന്ധിയായ കാരണങ്ങള്‍ കൊണ്ട് വരുന്ന ക്യാന്‍സറിനു എതിരെയുള്ള ആന്റി-ഹോര്‍മോണല്‍ മരുന്നുകള്‍, ഹെര്‍ന്യൂ പോലെയുള്ള ജീന്‍ മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള ഹെര്‍സെപ്റ്റീന്‍ തുടങ്ങിയ അനേകം ഫലപ്രദമായ ചികിത്സാ രീതികള്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ ഉണ്ട്.

ക്യാന്‍സര്‍ ചികിത്സയുടെ ഫലം അത് എത്രയും നേരത്തെ തുടര്‍ച്ചായി ലഭിക്കുന്നത് അനുസരിച്ച് ഇരിക്കും. ശരിയായ ചികിത്സ ലഭിച്ചാല്‍ ഏറെക്കുറെ പൂര്‍ണ്ണമായും ഭേതം ആകാവുന്നവയാണ് സ്തനാര്‍ബുദം പോലെയുള്ള ക്യാന്‍സറുകള്‍. അധികം കാലതാമസം ഇല്ലാതെ തുടര്‍ച്ചയായി ക്യാന്‍സര്‍ ചികിത്സ തുടങ്ങിയാല്‍ ശരീരത്തില്‍ ഒരുപാട് വ്യാപികാത്ത മറ്റ്‌ ക്യാന്‍സറുകള്‍ക്കും മികച്ച ഫലം ലഭിക്കുന്നതാണ്. പൂര്‍ണ്ണമായും ഭേതപ്പെട്ടുതാന്‍ സാധിക്കാത്ത രോഗാവസ്ഥയിലും അതിന്റെ കഠിനം കുറയ്ക്കാനും ജീവിതദൈര്‍ഘ്യം കൂടാനും ആധുനിക വൈദ്യശാസ്ത്രത്തിനു മാത്രം ആകുന്നു. ധാരാളം പുതിയ ശാസ്ത്രീയ പഠനങ്ങളും ക്യാന്‍സര്‍ ചികിത്സയില്‍ നടക്കുന്നുണ്ട്.

ക്യാന്‍സര്‍ ചികിത്സയ്ക്കായി നിയമപരമായ അംഗീകാരവും ശാസ്ത്രീയ തെളിവുകളുമുള്ള ആധുനിക വൈദ്യ ശാസ്ത്ര ആശുപത്രികളില്‍ മാത്രം പോകുക, കപട ചികിത്സകരുടെ പിടിയില്‍ വീണു സ്വന്തം പണവും ജീവനും നശിപ്പിക്കാതെ ഇരിക്കൂ.

Reference:

1. THE INDIAN MEDICINE CENTRAL COUNCIL ACT, 1970
(ACT No. 48 of 1970)
2. Evolutionary Origins of Cancer Driver Genes and Implications for Cancer Prognosis. (2017). Genes, 8(7), 182. doi:10.3390/genes8070182
3. Types of Cancer Treatment. (n.d.). Retrieved October 27, 2017, from https://www.cancer.org/…/treatments-an…/treatment-types.html

അവലംബകം – ആശിഷ് ജോസ് അമ്പാട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us