ബെംഗളൂരു ∙ കോടതിയിൽ സ്വയം വാദിച്ച് ഒരു വധശിക്ഷയിൽനിന്നു കൂടി മോചിതനായി കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹൻ എന്ന മോഹൻ കുമാർ. 2005ൽ ദക്ഷിണ കന്നഡ ബന്ത്വാൾ താലൂക്കിലെ ലീല (32) എന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകി മാനഭംഗപ്പെടുത്തുകയും സയനൈഡ് കലർന്ന ലായനി നൽകി കൊലപ്പെടുത്തുകയും ചെയ്തെന്ന കേസിൽ വ്യക്തമായ തെളിവുകളുടെ അഭാവത്തിലാണ് കർണാടക ഹൈക്കോടതി വധശിക്ഷ റദ്ദാക്കിയത്.
അതേസമയം യുവതിയുടെ ആഭരണങ്ങൾ കവർച്ച ചെയ്തെന്ന കേസിൽ ഇയാൾക്ക് ജസ്റ്റിസ് രവി മലിമത്ത്, ജസ്റ്റിസ് ജോൺ മൈക്കൽ ഡിക്കുയ്ന എന്നിവരുടെ ബെഞ്ച് അഞ്ചുവർഷത്തെ ജയിൽശിക്ഷ വിധിച്ചു. 2009ൽ മംഗളൂരു ബന്ത്വാൾ സ്വദേശിനി അനിത ബാരിമറിനെ (22) കൊലപ്പെടുത്തിയ കേസിലെ വധശിക്ഷ ഈമാസം 12നു ഹൈക്കോടതി ജീവപര്യന്തമാക്കി ഇളവു ചെയ്തിരുന്നു.
ഈ രണ്ടു കേസുകളിലും അഭിഭാഷകന്റെ സഹായം തേടാതെ മോഹൻകുമാർ സ്വയമാണു വാദിച്ചത്. മംഗളൂരു സ്വദേശിയും അധ്യാപകനുമായ മോഹൻകുമാർ 2003–2009 കാലയളവിൽ ഇരുപതോളം യുവതികളെ സയനൈഡ് നൽകി കൊലപ്പെടുത്തുകയും ഇവരുടെ ആഭരണങ്ങൾ കവരുകയും ചെയ്ത കേസുകളിൽ വിചാരണ നേരിടുകയാണ്.
ഇവയിൽ മൂന്നെണ്ണത്തിൽ മംഗളൂരുവിലെ പ്രത്യേക വിചാരണ കോടതി വധശിക്ഷയും നാലെണ്ണത്തിൽ ജീവപര്യന്തവും വിധിച്ചു. മറ്റു കേസുകളിൽ വിചാരണ നടന്നുവരുകയാണ്. ലീലയെയും അനിതയെയും കൊലപ്പെടുത്തിയ കേസുകളിൽ 2013ലാണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. അനിതയെ കാണാതായതിനെ തുടർന്നു 2009ൽ ബന്ത്വാളിലുണ്ടായ കലാപമാണു കൊലപാതക കേസുകളിലേക്കു വഴിതുറന്നത്.
അന്യമതസ്ഥനൊപ്പം ഒളിച്ചോടിയെന്ന് ആരോപിച്ച് അനിതയുടെ സമുദായത്തിൽപെട്ടവരാണ് പ്രക്ഷോഭം നടത്തിയത്. ഇതേത്തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അനിതയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്ന മോഹൻകുമാർ പിടിയിലായത്. ഇയാളുമായി ബന്ധമുണ്ടായിരുന്ന കാസർകോട് സ്വദേശിനി പുഷ്പ ഉൾപ്പെടെ ഒട്ടേറെ യുവതികളെയും കാണാനില്ലെന്നു മനസ്സിലായതോടെ നടത്തിയ ചോദ്യം ചെയ്യലിൽ കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞു.
അനിതയുടേത് ഉൾപ്പെടെ യുവതികളുടെ മൃതദേഹങ്ങൾ സംസ്ഥാനത്തെ വിവിധ ബസ് സ്റ്റാൻഡുകളിലെ ശുചിമുറിയിൽ കണ്ടെത്തുകയും ചെയ്തു. പിടിയിലായ മോഹൻകുമാർ 32 യുവതികളെ കൊലപ്പെടുത്തിയെന്ന് ആദ്യം മൊഴി നൽകിയെങ്കിലും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ 20 കൊലക്കേസുകളിലാണു വിചാരണ നടന്നുവരുന്നത്.
എന്നാൽ താനാണു കൊല നടത്തിയതെന്നതിനു വ്യക്തമായ തെളിവില്ലെന്ന് അവകാശപ്പെട്ടാണ് മോഹൻകുമാർ വിചാരണക്കോടതി വിധി ചോദ്യം ചെയ്തു ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ തനിക്കുള്ളത്ര ധാരണ അഭിഭാഷകന് ഉണ്ടാകില്ലെന്നും അതിനാൽ സ്വയം വാദിക്കാൻ അനുവദിക്കണം എന്നുമുള്ള അഭ്യർഥന കോടതി അംഗീകരിക്കുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.