ബിഎംടിസിയും ബിഎംആർസിഎല്ലും ചേർന്നാണു കാർഡ് പദ്ധതിക്കു തുടക്കമിട്ടത്. വരുമാനം പങ്കുവയ്ക്കുന്നതു സംബന്ധിച്ചുള്ള തർക്കത്തെ തുടർന്നാണു പദ്ധതി മുടങ്ങിയത്. മെട്രോയിലും ബിഎംടിസിയും ഉപയോഗിക്കാവുന്ന കാർഡ് പുറത്തിറക്കിയാൽ ഫീഡർ ബസ് സർവീസുകളിലേക്കും കൂടുതൽ യാത്രികരെ ആകർഷിക്കാമെന്നാണ് ബിഎംടിസി ജീവനക്കാർ പറയുന്നത്.
യാത്രികർ കുറഞ്ഞതോടെ ബിഎംടിസി ഫീഡർ സർവീസുകൾ വെട്ടിച്ചുരുക്കി. മെട്രോ ട്രെയിനിലെ സ്മാർട് കാർഡ് ഉപയോഗിക്കുന്ന യാത്രികർക്കു 15% നിരക്കിളവാണു നൽകുന്നത്. ബിഎംടിസി ബസുകളിൽ മാത്രം ഉപയോഗിക്കാവുന്ന സ്മാർട് കാർഡ് ഇതിനിടെ പുറത്തിറക്കിയെങ്കിലും ഇത് എല്ലാ സർവീസുകളിലുമായിട്ടില്ല.
മജസ്റ്റിക്കിൽ നിന്ന് കാടുഗോഡിയിലേക്കുള്ള 335 ഇ സീരിയസ് ബസുകളിലാണ് സ്മാർട് കാർഡ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത്. പദ്ധതി തുടങ്ങി രണ്ടുമാസമായിട്ടും 100 പാസുകൾ മാത്രമാണു വിറ്റത്. കൂടുതൽ യാത്രികരെ ആകർഷിക്കാനും ചില്ലറക്ഷാമം പരിഹരിക്കാനുമാണു സ്മാർട് കാർഡ് പദ്ധതി ബിഎംടിസി തുടങ്ങിയത്.
ആക്സിസ് ബാങ്കിനാണ് കാർഡ് വിതരണ ചുമതല. കാർഡ് സ്വൈപ്പ് ചെയ്യാൻ സൗകര്യമുള്ള ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രങ്ങൾ എല്ലാ ബസിലും ഏർപ്പെടുത്തിയെങ്കിലും സോഫ്റ്റ് വെയർ തയാറാക്കുന്നതിലെ കാലതാമസം പദ്ധതി വൈകിപ്പിച്ചു. ബസിലും മെട്രോയിലും ഉപയോഗിക്കാവുന്ന കാർഡ് പുറത്തിറക്കിയാൽ രണ്ട് കോർപറേഷനുകൾക്കും യാത്രികരുടെ എണ്ണത്തിലും വരുമാനത്തിലും കാര്യമായ വർധനവുണ്ടാകും.