മോഡിയുടെ ടീം ഇന്ത്യയിലേക്ക് ഒരു മലയാളിയും;അൽഫോൺസ് കണ്ണന്താനം കേന്ദ്രമന്ത്രിയാകും.

ന്യൂഡൽഹി ∙ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയാകും. നരേന്ദ്ര മോദി സർക്കാർ മൂന്നു വർഷം പൂര്‍ത്തിയാക്കിയതിനു പിന്നാലെ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ് മോദി സർക്കാരിൽ കേരളത്തിനും ആദ്യ പ്രതിനിധിയെ ലഭിച്ചത്. കണ്ണന്താനം ഉൾപ്പെടെ ഒൻപത് പുതിയ മന്ത്രിമാർ ഇന്നു സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്തിനു നിശ്ചയിച്ചിരിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായി.

ആരെയൊക്കെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നതു സംബന്ധിച്ച ചർച്ചകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ആർഎസ്എസ് നേതൃത്വവുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് അമിത് ഷാ മോദിയെ കാണാനെത്തിയത്. നിർമല സീതാരാമൻ കാബിനറ്റ് പദവിയിലേക്കു വരും. അശ്വനി കുമാർ ചൗബെ (ബിഹാർ), ശിവ് പ്രതാപ് ശുക്ല (ഉത്തർപ്രദേശ്), വീരേന്ദ്ര കുമാർ (മധ്യപ്രദേശ്), അനന്തകുമാർ ഹെഗ്ഡെ (കർണാടക), രാജ് കുമാർ സിങ് (ബിഹാർ), ഹർദീപ് സിങ് പുരി (മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥൻ), ഗജേന്ദ്ര ഷെഖാവത്ത് (രാജസ്ഥാൻ), സത്യപാൽ സിങ് (ഉത്തർപ്രദേശ്) എന്നിവരാണ് അൽഫോൻസ് കണ്ണന്താനത്തിനു പുറമെയുള്ള പുതിയ മന്ത്രിമാർ.

അതേസമയം, ജെഡിയു, ശിവസേന അംഗങ്ങൾ മന്ത്രിസഭയിലേക്കു വരുമെന്ന് ശക്തമായ സൂചനകളുണ്ടായിരുന്നെങ്കിലും, അന്തിമ ഘട്ടത്തിൽ ഈ നീക്കം ഉപേക്ഷിച്ചതായാണ് വിവരം. മന്ത്രിമാരുടെ വകുപ്പുമാറ്റം സംബന്ധിച്ചും അഭ്യൂഹങ്ങൾ ശക്തമാണ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന മോദി–അമിത് ഷാ കൂടിക്കാഴ്ചയിലേക്ക് കേന്ദ്രമന്ത്രിയും മുൻ ബിജെപി അധ്യക്ഷനുമായ നിതിൻ ഗഡ്കരിയെ വിളിച്ചുവരുത്തിയത് ഊഹാപോഹങ്ങൾക്കു കാരണമായി. ഗോവ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനായി മനോഹർ പരീക്കർ രാജിവച്ച പ്രതിരോധമന്ത്രി പദം ഗഡ്കരിക്കു ലഭിക്കുമെന്ന് സൂചനയുണ്ട്.

അതിനിടെ, വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പേരും ഇതേ സ്ഥാനത്തേക്കു പറഞ്ഞുകേൾക്കുന്നുണ്ട്. ഗഡ്കരിക്ക് റയിൽവേ വകുപ്പു ലഭിക്കാനുള്ള സാധ്യതയും ചർച്ചയിലുണ്ട്. അഴിച്ചുപണിക്കു മുന്നോടിയായി സഹമന്ത്രിമാരായ രാജീവ് പ്രതാപ് റൂഡി, സഞ്ജയ് കുമാർ ബല്യൻ, ഭഗൻ സിങ് കുലസ്തെ, മഹേന്ദ്രനാഥ് പാണ്ഡെ എന്നിവർ രാജിവച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us