ബെംഗളൂരു: ഓരോ സംസ്ഥാനത്തിന്റെയും ഔദ്യോഗിക ഭാഷയ്ക്കു പകരം മറ്റു ഭാഷകൾ അടിച്ചേൽപ്പിക്കുന്നത് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണം എന്ന ആശയത്തിനു വിരുദ്ധമാണെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രാദേശിക ഭാഷകളെ സംരക്ഷിക്കുന്നതിനാണു ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചത്. കർണാടകയിൽ കന്നഡ ഭാഷയുടെ പ്രധാന്യം നിലനിർത്താനുളള ചുമതല സംസ്ഥാന സർക്കാരിനുണ്ട്. മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നടത്തിയ 71-ാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ വിലപ്പോവില്ല. വിവിധ സംസ്കാരങ്ങളും വൈവിധ്യങ്ങളുമുണ്ടെങ്കിലും ദേശീയത ഇന്ത്യക്കാരന്റെ രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.
Read More