ന്യൂഡല്ഹി : നഴ്സുമാരുടെ ജീവിത സമരത്തെ തള്ളിപ്പറഞ്ഞ് ആശുപത്രി മുതലാളിമാർക്ക് വേണ്ടി നിലകൊള്ളുന്നവർക്ക് കനത്ത തിരിച്ചടിയായി കേന്ദ്രസർക്കാറിന്റെ ഇടപെടൽ. മലാഖമാരുടെ ജീവിത സമരത്തിൽ അനുഭാവ പൂർവ്വമായ ഇടപെടൽ നടത്തി നഴ്സിങ് സമൂഹത്തിന്റെ പിന്തുണ നേടിയിരിക്കയാണ് മോദി സർക്കാർ. സുപ്രീംകോടതി നിർദേശിച്ചത് പ്രകാരം നഴ്സുമാരുടെ ശമ്പളം 20,000 രൂപയിൽ കുറയരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ സംസ്ഥാനങ്ങൾക്ക് നിർദേശിച്ചു.
സുപ്രീം കോടതി ഉത്തരവ് നടുപ്പിലാക്കേണ്ടത് സംസ്ഥാന സർക്കാറുകളുടെ ബാധ്യതയാണ്. അത് പ്രകാരമുള്ള നടപടികൾ സംസ്ഥാന സർക്കാറുകൾ സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു. ഇക്കാര്യ പാർലമെന്റിലാണ് കേന്ദ്ര മന്ത്രി വ്യക്തമാക്കിയത്. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച പ്രശ്നം ഗൗരവമേറിയതാണെന്ന് മന്ത്രി പറഞ്ഞു. കുറഞ്ഞ വേതനം 20000 രൂപ നൽകണമെന്ന് സമിതി കണ്ടെത്തിയിരുന്നു.സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
നഴ്സുമാരുടെ ശമ്പളവർധന സുപ്രീം കോടതി വിധിക്ക് അനുസൃതമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട എംപി ആന്റോ ആന്റണിയാണ് വിഷയം ലോക്സഭയിൽ ഉന്നയിച്ചത്. നഴ്സുമാരുടെ വിഷയ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ നിലപാട് വ്യക്തമാക്കിയത്.
യുഎൻഎയും ഐഎൻഎയും അടക്കമുള്ള നഴ്സിങ് സംഘടനകൾ ഈ ആവശ്യം ഉന്നയിച്ചാണ് കേരളത്തിൽ സമരം രംഗത്തുള്ളത്. 20,000 രൂപ നഴ്സുമാർക്ക് മിനിമം വേതനമായി നൽകണമെന്ന കോടതി വിധി പ്രകാരമുള്ള ആവശ്യം അംഗീകരിക്കാൻ കേരള സർക്കാറും തയ്യാറായിരുന്നില്ല. സർക്കാർ മിനിമം വേതനമായി നിശ്ചയിച്ചത് 17,200 രൂപയായിരുന്നു. ഇത് അംഗീകരിക്കില്ലെന്ന് നഴ്സിങ് സംഘടനകൾ വ്യക്തമാക്കുകയും ചെയ്തു. കൂടാതെ യുഎൻഎ ഒരു ലക്ഷം പേർ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമർപ്പിച്ചിരുന്നു. കേരളത്തിൽ ബിജെപി സംഘടനയായ യുവമോർച്ച നഴ്സുമാരുടെ സമരം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പള വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നാളെ ചർച്ച നടത്താനിരിക്കയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ കൂടി നിർദേശത്തെ തുടർന്ന് 20,000 രൂപ മിനിമം വേതനം വേണമെന്ന നഴ്സുമാരുടെ ആവശ്യം അംഗീകരിക്കാൻ സർക്കാറും സ്വകാര്യ ആശുപത്രികളും നിർബന്ധിതമായേക്കും. നേരത്തെ തന്നെ ഇത്തരമൊരു നിർദേശമുണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. ഇതോടെ സ്വകാര്യ ആശുപത്രി മുതലാളിമാർക്ക് ഓശാന പാടിയവർ പ്രതിരോധത്തിലാകും.
20നു വൈകിട്ടു നാലിനു നടത്തുന്ന ചർച്ച പരാജയപ്പെട്ടാൽ അന്നു തന്നെ നഴ്സുമാർ അനിശ്ചിതകാല സമരം ആരംഭിച്ചേക്കും. അന്നു 11നു വ്യവസായ ബന്ധ സമിതിയുടെയും മിനിമം വേജസ് കമ്മിറ്റിയുടെയും സംയുക്തയോഗവും ഉണ്ട്. 10നു നടന്ന മിനിമം വേജസ് കമ്മിറ്റിയുടെ ശുപാർശകളാണ് ഇവിടെ പരിഗണിക്കുന്നത്. സംയുക്ത യോഗത്തിന്റെ റിപ്പോർട്ട് മുഖ്യമന്ത്രിക്കു ലഭിച്ചശേഷമായിരിക്കും അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ചർച്ച. സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ ശുപാർശപ്രകാരമുള്ള ശമ്പളത്തിനൊപ്പം, ട്രെയിനി സമ്പ്രദായം അവസാനിപ്പിക്കുന്നതിനും നഴ്സിങ് സംഘടനകൾ ഉറച്ചുനിൽക്കും. ട്രെയിനി സമ്പ്രദായമാണു നഴ്സുമാർ നേരിടുന്ന വലിയ വെല്ലുവിളി.
ജനറൽ നഴ്സിന് 6,000 രൂപയും ബിഎസ്സി നഴ്സിന് 6,500 രൂപയുമാണു ട്രെയിനി ഫീസായി നൽകുന്നത്. ട്രെയിനിങ് എത്ര കാലമെന്നില്ലാതെ ജോലി ചെയ്യണം. ശമ്പള വർധന ആവശ്യപ്പെട്ടാൽ ഉടൻ പിരിച്ചുവിടുന്നതാണു രീതി. മറ്റൊരു ആശുപത്രിയിൽ പോയാൽ അവിടെയും ട്രെയിനി തന്നെ. കുറഞ്ഞ കൂലിക്കു നഴ്സുമാരെ കിട്ടാനുള്ള തന്ത്രമായാണു മാനേജ്മെന്റുകൾ ട്രെയിനി സമ്പ്രദായത്തെ കാണുന്നതെന്നു നഴ്സുമാരുടെ സംഘടനകൾ പറയുന്നു.
ട്രെയിനി കാലാവധി ഒരു വർഷമാക്കി നിജപ്പെടുത്തണമെന്ന സർക്കാർ തലത്തിൽ ഉയരുന്ന അഭിപ്രായം ചർച്ചയിൽ വന്നാൽ നിരാകരിക്കാനാണു സംഘടനകളുടെ തീരുമാനം. ട്രെയിനി സംവിധാനം പാടില്ലെന്നു 2012ൽ സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. പരിശീലനം കഴിഞ്ഞു പുറത്തുവരുന്നവരെ വീണ്ടും ട്രെയിനിയായി നിയമിക്കുന്നതു നിയമവിരുദ്ധമെന്നാണു വിധി. ആശുപത്രിയിൽ ട്രെയിനിയായി വരുന്നവർക്ക് ആരാണു പരിശീലനം നൽകുന്നതെന്ന ചോദ്യവും ഉണ്ട്.
അതിനിടെ കണ്ണൂരിൽ നഴ്സിങ് വിദ്യാർത്ഥികൾ നടത്തി വന്ന സമരം അവസാനിപ്പിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. വിദ്യാർത്ഥികളെ ഡ്യൂട്ടിക്ക് നിയോഗിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് കളക്ടർ മരവിപ്പിക്കുകയും ചെയ്തു. കൂടാതെ നഴ്സിങ് വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടിയെടുക്കില്ലെന്ന് കളക്ടർ ഉറപ്പും നൽകി. ഇതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കുന്നതായി ന്ഴ്സിങ് വിദ്യാർത്ഥികൾ അറിയിച്ചത്.
നഴ്സുമാരുടെ സമരത്തെ തുടർന്ന് സ്വകാര്യ ആശുപത്രികളിൽ ഡ്യൂട്ടിക്ക് ഹാജരാകുവാൻ നഴ്സിങ് വിദ്യാർത്ഥികളോട് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുകയും നഴ്സിങ് വിദ്യാർത്ഥികൾ സമരത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. കണ്ണൂർ ജില്ലാ കളക്ടറുടെ നടപടി അപലപനീയമാണെന്ന് ഭരണപരിഷ്കരണ കമ്മീഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദനും ഇന്ന് പറഞ്ഞിരുന്നു. വിദ്യാർത്ഥികളെ ഉപയോഗിച്ച് സമരം അട്ടിമറിക്കാമെന്നത് വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു.