എക്സിറ്റ് പോള്‍ ബി ജെ പിക്ക് ഒപ്പം.

ന്യൂദല്‍ഹി: അന്തിമ ഫലത്തിന് ഇന്നത്തെ ഒരു പകല്‍ക്കൂടി ബാക്കി നില്‍ക്കെ മഹായുദ്ധമെന്നു വിശേഷിപ്പിച്ച നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി മുന്നേറ്റമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. അഞ്ചു സംസ്ഥാനങ്ങളില്‍ നാലിലും ബിജെപി അധികാരത്തിലെത്തുമെന്ന് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. മോദി തരംഗത്തില്‍ ബിജെപി ചരിത്രം കുറിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിട്ട് മിക്കവാറും മാധ്യമങ്ങള്‍ ഇന്നലെ അഭിപ്രായപ്പെട്ടത്.

ഉത്തര്‍പ്രദേശില്‍ 15 വര്‍ഷത്തിനു ശേഷം ബിജെപി അധികാരം തിരിച്ചുപിടിക്കാനുള്ള സാധ്യതകളാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, ഭൂരിപക്ഷത്തിനാവശ്യമായ 202 എന്ന മാജിക് നമ്പരില്‍ നിന്ന് അതാനും സീറ്റ് പിന്നിലാണ് ബിജെപിയെന്നും പ്രവചനമുണ്ട്. അതേസമയം, ടൈംസ് നൗ-വിഎംആര്‍ പോളില്‍ പാര്‍ട്ടിക്ക് 210 സീറ്റുകള്‍ വരെ കിട്ടാമെന്നും പറയുന്നു.

ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലും ബിജെപിക്കാണ് മുന്‍തൂക്കം. എന്നാല്‍, പഞ്ചാബില്‍ അകാലിദള്‍-ബിജെപി സഖ്യം ഏറെ പിന്നിലാണ്. അവിടെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഒപ്പത്തിനൊപ്പമെന്നും പ്രവചനം. മണിപ്പൂരില്‍ 15 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിക്കാന്‍ ബിജെപിക്കു കഴിയുമെന്നും എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നു. ഉത്തരാഖണ്ഡില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് ചില സര്‍വേകളും, കോണ്‍ഗ്രസ് ഒപ്പമെന്ന് മറ്റു ചലരും പറയുന്നു.
നാലിടത്ത് ബിജെപിയെന്ന് പ്രവചനം

ഉത്തര്‍പ്രദേശ്

185 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സി വോട്ടര്‍. എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന് 120, ബിഎസ്പി 90, മറ്റുള്ളവര്‍ക്ക് എട്ട് സീറ്റ്. ടൈംസ് നൗ-വിഎംആര്‍ എക്‌സിറ്റ്‌പോളും 190-210 സീറ്റുകള്‍ വരെ നേടി ബിജെപി മുന്നിലെത്തുമെന്ന് പ്രവചിക്കുന്നു. എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന് 110-130, ബിഎസ്പി 54-74 സീറ്റുകള്‍ നേടും. ബിജെപിക്ക് 185 സീറ്റുകള്‍ വരെ എബിപിയും ഇന്ത്യാ ന്യൂസ്-എംആര്‍സി സര്‍വെയും നല്‍കുന്നു. എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന് 120, ബിഎസ്പിക്ക് 90.

മണിപ്പൂര്‍

പതിനഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ച് മണിപ്പൂരില്‍ അറുപതില്‍ 25-31 സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തുമെന്ന് സി വോട്ടര്‍ സര്‍വെ. കോണ്‍ഗ്രസ് (17-21), മറ്റുള്ളവര്‍ (10-12) സീറ്റുകള്‍ നേടും. ഇന്ത്യാ ടുഡെ-ആക്‌സിസ് കോണ്‍ഗ്രസ് (30-36) ഭരണം തുടരുമെന്ന് അവകാശപ്പെടുന്നു. ബിജെപിക്ക് 16-22 സീറ്റ് ലഭിക്കും.

ഗോവ

ഗോവയില്‍ 15-21 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സി വോട്ടര്‍ സര്‍വെ. കോണ്‍ഗ്രസിന് 12-18, ആം ആദ്മിക്ക് 0-4, മറ്റുള്ളവര്‍ക്ക് 2-8 സീറ്റുകള്‍ ലഭിക്കും. ഇന്ത്യാ ടുഡെ-ആക്‌സിസും ഇന്ത്യാ ടിവിയും ബിജെപിക്ക് 15, കോണ്‍ഗ്രസിന് 10, മറ്റുള്ളവര്‍ക്ക് എട്ട് സീറ്റുകള്‍ പ്രവചിക്കുന്നു.

ഉത്തരാഖണ്ഡ്

ന്യൂസ് 24-ടുഡെയ്‌സ് ചാണക്യ സര്‍വെ 53 സീറ്റുകളോടെ വന്‍ ഭൂരിപക്ഷത്തില്‍ ബിജെപിക്ക് അധികാരത്തിലെത്തുമെന്ന്് വ്യക്തമാക്കുന്നു. ഇന്ത്യാ ടുഡെ-ആക്‌സിസ് 46-53 സീറ്റുകളും ഇന്ത്യാ ന്യൂസ്-എംആര്‍സി ഷോസ് 38 സീറ്റുകളും ബിജെപിക്ക് നല്‍കുന്നു. കോണ്‍ഗ്രസും ബിജെപിയും 29-35 സീറ്റുകള്‍ നേടി ഒപ്പമെത്തുമെന്ന് സി വോട്ടര്‍. 2012ല്‍ ബിജെപിക്ക് 31, കോണ്‍ഗ്രസിന് 32 സീറ്റുകളാണ് ലഭിച്ചത്.

പഞ്ചാബ്

59-67 സീറ്റ് നേടി ആം ആദ്മി അധികാരത്തിലെത്തുമെന്ന് സി വോട്ടര്‍. കോണ്‍ഗ്രസിന് 41-49, അകാലിദള്‍-ബിജെപി സഖ്യത്തിന് 5-13 സീറ്റുകള്‍. ഇന്ത്യാ ടുഡെ-ആക്‌സിസ് കോണ്‍ഗ്രസിന് ഭൂരിപക്ഷം (62-71) പ്രവചിക്കുന്നു. ആം ആദ്മിക്ക് (42-51), അകാലിദള്‍-ബിജെപി സഖ്യത്തിന് (4-7). ഇന്ത്യാ ന്യൂസ്-എംആര്‍സി കോണ്‍ഗ്രസിനും ആം ആദ്മിക്ക് 55 സീറ്റുകളും അകാലിദള്‍ സഖ്യത്തിന് ഏഴ് സീറ്റുകളുമാണ് നല്‍കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us