ചെന്നൈ : തമിഴ്‌നാടിനെ പിടിച്ചുലച്ച വർധ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 18 ആയി. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ ധനസഹായം തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ചെന്നൈയിലും തിരുവള്ളൂരിലും അഞ്ചു പേർ വീതമാണ് മരിച്ചത്. നാലുപേർ കാഞ്ചീപുരത്തും രണ്ടു പേർ തിരുന്നെൽവേലിയിലും മരിച്ചു. വില്ലുപുരത്തും നാഗപട്ടണത്തും ഓരോരുത്തരും മരിച്ചുവെന്ന് സർക്കാരുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. അണ്ണാ സർവകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.
ചെന്നൈയിൽ മാത്രം ആയിരം കോടി രൂപയുടെ നാശ നഷ്ടങ്ങളുണ്ടായതായാണ് വിലയിരുത്തൽ. വ്യോമ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും റോഡ്, റെയിൽ ഗതാഗതം സാധാരണ നിലയിലായിട്ടില്ല.
ദുരിതബാധിതർക്ക് 10 കിലോ അരിയും അവശ്യസാധനങ്ങളും നൽകുമെന്നും സർക്കാർ അറിയിച്ചു. കേരളത്തിലേയ്ക്ക് പുറപ്പെടേണ്ട എഗ്മോർ കൊല്ലം ശബരിമല എക്സ്‌പ്രസ് റദ്ദാക്കി. റെയിൽ പാളങ്ങളുടെ അറ്റകുറ്റപണി പൂർത്തീകരിക്കാനാകാത്തതിനാൽ ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട 33 ട്രെയിനുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവെ അറിയിച്ചു. സബർബൻ ട്രെയിനും മെട്രോ ട്രെയിനും സർവീസ് നടത്തി. ചെന്നൈ നഗരത്തിൽ പലയിടത്തും വൈദ്യുതി എത്തിയെങ്കിലും ഉൾപ്രദേശങ്ങളിലേയ്ക്ക് വൈദ്യുതി എത്തിക്കാനായിട്ടില്ല. 13,000 ആളുകളാണ് നൂറിലധികം ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നത്.
‘വർധ’ ചുഴലിക്കാറ്റിന്റെ പരിണിതഫലമായി കേരളത്തിൽ അടുത്ത രണ്ടു ദിവസത്തേയ്ക്ക് കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എല്ലാ ജില്ലകളിലും മഴ ലഭിക്കും. വടക്കൻ ജില്ലകളിലാകും ശക്തമായ മഴയ്ക്ക് സാധ്യത. ചെന്നൈയിൽ കനത്ത നാശം വിതച്ച ‘വർധ’ കർണ്ണാടക തീരത്തേയ്ക്ക് നീങ്ങിയതായാണ് നിലവിലെ റിപ്പോർട്ടുകൾ. ചുഴലിക്കാറ്റ് നാളെ അറബിക്കടലിലേയ്ക്ക് നീങ്ങുമെന്നാണ് സൂചന.
അതുകൊണ്ടു തന്നെ ശക്തമായ മഴ ലഭിക്കുമെങ്കിലും കേരളത്തിൽ കാറ്റിന്റെ ശക്തി കുറവായിരിക്കുമെന്നും ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.