ശ്രീനഗര്‍ : ഇന്ത്യ-പാകിസ്ഥാന് അതിര്‍ത്തിയിലെ സന്ഘര്‍ഷസ്ഥിതി രൂക്ഷമായി തുടരുന്നു,പാക് സേനയുടെ വെടിവെയ്പ്പില്‍ ഒരു ബി എസ് എഫ് ജവാനും എട്ടുവയസ്സുകാരനും മരിച്ചു.ഏഴുപേര്‍ക്ക് പരിക്കേറ്റു.
അടുത്തകാലത്തെ അതിര്‍ത്തിയിലെ ഏറ്റവും വലിയ ഏറ്റുമുട്ടലിനാണ് ഇന്ന് ജമ്മു മേഖല സാക്ഷ്യം വഹിച്ചത്. 25 ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേര്‍ക്ക് പാകിസ്ഥാന് സേന ആക്രമണം നടത്തുകയായിരുന്നു. ജമ്മുവിലെ ആര് എസ് പുര, കനക്ചക്, സുചേത്ഗഡ്, പര്‍ഗ്വല്‍, ആര്‍നിയ തുടങ്ങിയ മേഖലകളില്‍ കടുത്ത ഷെല്ലാക്രമണം പാകിസ്ഥാന് ഇന്നലെ രാത്രി മുതല്‍ അഴിച്ചു വിടുകയായിരുന്നു. ബി എസ് എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ സുശീല്‍ കുമാര്‍ ആക്രമണത്തില്‍ മരിച്ചു. ആര് ഡി പുരി എന്ന ജവാന് പരിക്കേറ്റു. കനക്ചകില്‍ എട്ടു വയസ്സുകാരനും കൊല്ലപ്പെട്ടു. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ ആറു നാട്ടുകാര്‍ക്കും പരിക്കേറ്റു. പാക് ഷെല്ലാക്രമണത്തില്‍ ചില വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. അമ്പതിലധികം കന്നുകാലികള്‍ ചത്തു. പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയെന്ന് ബിഎസ്എഫ് അറിയിച്ചു.
കുപ്വാരയില് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. കഴിഞ്ഞ നാലു ദിവസത്തില്‍ ഇത് നാലാം തവണയാണ് പാകിസ്ഥാന് വെടിനിറുത്തല്‍ കരാര്‍ ലംഘിക്കുന്നത്. വെള്ളിയാഴ്ച പാകിസ്ഥാന് നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ബി എസ് എഫ് ജവാന് ഗുര്‍നാം സിംഗ് ശനിയാഴ്ച മരിച്ചു. ഏഴ് പാക് റേഞ്ചര്‍മാര്‍ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു. 2003ലെ വെടിനിറുത്തല്‍ കരാര്‍ അംഗീകരിക്കാതെയുള്ള പാകിസ്ഥാന്റ പ്രകോപനം തുടരുന്ന സാഹചര്യം ഏറെ ഗുരുതരം എന്നാണ് പ്രതിരോധ സേനകള്‍ വിശേഷിപ്പിക്കുന്നത്.