അമ്മക്ക് ഇന്ന് പിറന്നാള്‍.

അമൃതപുരി: മാതാ അമൃതാനന്ദമയിക്ക് ഇന്ന് അറുപത്തി മൂന്നാം പിറന്നാള്‍. ആഘോഷത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവധഭാഗങ്ങളില്‍ നിന്നും ലക്ഷങ്ങളാണ് അമൃതപുരിയിലെത്തിയിരിക്കുന്നത്. ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘം സർ സംഘചാലക് മോഹൻ ജി ഭാഗവത് അമ്മയ്ക്ക് ഹാരാര്‍പ്പണം നടത്തി.

രാവിലെ ഗുരുപൂജയോടെ ആരംഭിച്ച ചടങ്ങിൽ മാതാ അമൃതാനന്ദമയിയുടെ പ്രഥമ ശിഷ്യൻ സ്വാമി അമൃതസ്വരൂപാനന്ദപുരി അമ്മയ്ക്ക് പുഷ്പാർച്ചന ചെയ്തു. തുടർന്ന് മാതാ അമൃതാനന്ദമയി ലോകമെമ്പാടുമുള്ള മക്കൾക്ക് സ്നേഹത്തിന്റെ മാതൃസന്ദേശം നൽകി.

ഗവർണർ ജസ്റ്റിസ് പി.സദാശിവം, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ജനറൽ വി.കെ.സിങ്, യശോനായിക്, രാജ്യസഭാ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യൻ, ഒ.രാജഗോപാൽ എം.എൽ.എ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, പി.സി. ജോർജ്ജ് എം.എൽ.എ, വി.മുരളീധരൻ, വലിയ മെത്രോപ്പോലീത്ത മാർ ക്രിസോസ്റ്റം, ശുഭാനന്ദാശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗീതാനന്ദ, വെള്ളാപ്പള്ളി നടേശൻ തുടങ്ങി പ്രമുഖരുടെ നീണ്ട നിര തന്നെ ജന്മദിനത്തിൽ ഭാഗമാകാൻ അമൃതപുരിയിൽ എത്തി.

മത്സ്യതൊഴിലാളികള്‍ക്ക് സുരക്ഷയും സത്രീശക്തീകരണവും ലക്ഷ്യമാക്കി രണ്ട് പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടാണ് ജന്മദിനാഘോഷങ്ങള്‍ക്ക് തിങ്കളാഴ്ച അമൃതപുരിയില്‍ തുടക്കം കുറിച്ചത്. അതോടൊപ്പം രാജ്യത്തെ ഞെട്ടിച്ച കൊല്ലം പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവര്‍ക്കുള്ള സഹായധനവും വിതരണം ചെയ്തു. ചടങ്ങുകള്‍ക്ക് ശേഷം അമൃതാനന്ദമയി ഭക്തര്‍ക്ക് ദര്‍ശനം നല്‍കി.

ഇന്ന് രാവിലെ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സൂര്യകാലടി സൂര്യന്‍ ഭട്ടതിരിപ്പാട് മഹാഗണപതി ഹോമം നടത്തി. തുടര്‍ന്ന് ലളിതാസഹസ്രനാമാര്‍ച്ചന നടന്നു. മാതാ അമൃതാനന്ദമയിയുടെ ജീവിതത്തെയും ദര്‍ശനത്തെയും പറ്റി അമൃതാനന്ദമയി മഠം ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദ പുരിയുടെ സത്‌സംഗവും നടന്നു. തുടര്‍ന്ന് ഗുരുപാദപൂജ നടത്തി. പ്രഥമ സന്ന്യാസ ശിഷ്യന്‍ മഠം വൈസ് ചെയര്‍മാനുമായ സ്വാമി അമൃതസ്വരൂപാനന്ദ പുരി പാദപൂജയ്ക്ക്് നേതൃത്വം നല്‍കി. പിന്നീട് മഠത്തിലെ സ്വാമിമാരും വിശിഷ്ട അതിഥികളും മാതാ അമൃതാനന്ദമയിയെ ഹാരമണിയിച്ചു. തുടര്‍ന്ന് അമ്മ ജന്മദിന സന്ദേശം നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us