മോഡിക്ക് താക്കീതായി ദേശീയ തൊഴിലാളി സമരം വിജയത്തിലേക്ക്.

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ– തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് വന്‍ തൊഴിലാളി മുന്നേറ്റമായി. റെയില്‍വേ ഒഴികെ രാജ്യത്തെ സമസ്ത തൊഴില്‍മേഖലകളും വ്യാഴാഴ്ച അര്‍ധരാത്രിയോടെ പണിമുടക്കിലേക്ക് നീങ്ങി. 1991ല്‍ നവലിബറല്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് തുടക്കമിട്ടശേഷം അഖിലേന്ത്യാതലത്തില്‍ ട്രേഡ് യൂണിയനുകള്‍ സംഘടിപ്പിക്കുന്ന 17മത്  പണിമുടക്കാണിത്. മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം രണ്ടാമത്തേതും.
മോട്ടോര്‍ തൊഴിലാളികളും പണിമുടക്കുന്നതിനാല്‍ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ബന്ദിന് സമാനമായ സാഹചര്യമാകും. ട്രേഡ് യൂണിയനുകള്‍ മാസങ്ങള്‍ക്കുമുമ്പേ പണിമുടക്കിന് ഒരുക്കംതുടങ്ങിയിരുന്നു. സംയുക്ത പ്രചാരണത്തിന് പുറമെ എല്ലാ ട്രേഡ് യൂണിയനുകളുടെ സ്വന്തം നിലയ്ക്കും പ്രചാരണം സംഘടിപ്പിച്ചു.

സംസ്ഥാനതലത്തിലുള്ള ട്രേഡ് യൂണിയനുകളും പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നു. കേരളത്തില്‍ മുസ്ളിം ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും ട്രേഡ് യൂണിയനുകള്‍ പങ്കാളികളാകും. തമിഴ്നാട്ടില്‍ വിടുതലൈ ചിരുത്തൈകള്‍ കച്ചി, എംഡിഎംകെ എന്നിവയുടെ ട്രേഡ് യൂണിയനുകളും കേന്ദ്ര ട്രേഡ്യൂണിയനായ എല്‍പിഎഫിനൊപ്പം പണിമുടക്കില്‍ അണിനിരക്കും. ടിആര്‍എസിന്റെയും തെലുഗുദേശം പാര്‍ടിയുടെയും  യൂണിയനുകളും പണിമുടക്കും. ബിജെഡി പണിമുടക്കിനെ പിന്തുണയ്ക്കുമെന്ന് ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക് പറഞ്ഞു.

കേന്ദ്ര– സംസ്ഥാന  ജീവനക്കാരും ബാങ്കിങ് മേഖലയിലെ ജീവനക്കാരും ഓഫീസര്‍മാരും അണിചേര്‍ന്നു. ആര്‍ബിഐയിലെയും ഇന്‍ഷുറന്‍സ് മേഖലയിലെയും ജീവനക്കാരും പണിമുടക്കിലാണ്. പ്രതിരോധ ഉല്‍പ്പാദന– സേവന മേഖലകളിലെ സിവിലിയന്‍ ജീവനക്കാരും പിന്തുണ പ്രഖ്യാപിച്ചു. ടെലികോം, തപാല്‍, റോഡുഗതാഗതം, വൈദ്യുതി, തുറമുഖം എന്നീ മേഖലകളും സ്തംഭിക്കും.

അസംഘടിതമേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികളും  അങ്കണവാടി, ആശ, ഉച്ചഭക്ഷണം തുടങ്ങിയ പദ്ധതിത്തൊഴിലാളികളും ജീവനക്കാരും വര്‍ധിതവീര്യത്തോടെ സമരത്തില്‍ പങ്കെടുക്കുന്നു. കല്‍ക്കരി ഉള്‍പ്പെടെ ഖനിമേഖലകളും നിശ്ചലം.

ബിഎംഎസ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. 2015 സെപ്തംബര്‍ രണ്ടിന് നടത്തിയ പൊതുപണിമുടക്കില്‍നിന്ന് ബിഎംഎസ് അവസാനനിമിഷം പിന്‍വാങ്ങിയിരുന്നു. ഇക്കുറിയും തൊഴിലാളിവര്‍ഗത്തെ വഞ്ചിക്കുന്ന നിലപാട് ബിഎംഎസ് തുടര്‍ന്നു.

മിനിമംകൂലി പ്രതിമാസം 18000 രൂപയായി വര്‍ധിപ്പിക്കുക, എല്ലാ തൊഴിലാളികള്‍ക്കും പിഎഫ്– ഇഎസ്ഐ തുടങ്ങിയ സാമൂഹ്യസുരക്ഷാനടപടികള്‍ സാര്‍വത്രികമായി ഉറപ്പാക്കുക, തൊഴിലെടുക്കുന്ന എല്ലാവര്‍ക്കും കുറഞ്ഞത് 3000 രൂപ പെന്‍ഷന്‍ ഉറപ്പാക്കുക, സ്ഥിരംസ്വഭാവമുള്ള തൊഴിലുകളില്‍ കരാര്‍വല്‍ക്കരണം അവസാനിപ്പിക്കുക, സ്ഥിരം ജീവനക്കാരുടെ സമാനമായ ജോലിതന്നെ ചെയ്യുന്ന കരാര്‍ ജീവനക്കാര്‍ക്ക് തുല്യവേതനം, ബോണസും പിഎഫും നിശ്ചയിക്കുന്നതിനുള്ള എല്ലാ പരിധിയും എടുത്തുകളയുക, ഗ്രാറ്റുവിറ്റി വര്‍ധിപ്പിക്കുക, വിലക്കയറ്റം തടയുക, റെയില്‍വേ–ഇന്‍ഷുറന്‍സ്– പ്രതിരോധമേഖലകളില്‍ എഫ്ഡിഐ അനുവദിക്കാതിരിക്കുക, തൊഴിലില്ലായ്മ തടയാന്‍ നടപടികള്‍ സ്വീകരിക്കുക, തൊഴില്‍നിയമ പരിഷ്കാരങ്ങളില്‍നിന്ന് പിന്തിരിയുക തുടങ്ങി 12 ഇന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ദേശീയ പണിമുടക്ക്.

ഐതിഹാസികമായ ദേശീയ പണിമുടക്കില്‍ സംസ്ഥാനത്തെ മുഴുവന്‍ മേഖലകളും അണിചേര്‍ന്നു. വ്യാഴാഴ്ച രാത്രി 12 മുതല്‍ പണിമുടക്ക് ആരംഭിച്ചു. മണിക്കൂറുകള്‍ക്ക്  മുമ്പുതന്നെ നഗരങ്ങളും മറ്റും നിശ്ചലമായി തുടങ്ങിയിരുന്നു.   പണിമുടക്കുന്ന തൊഴിലാളികള്‍ വെള്ളിയാഴ്ച ജില്ലാകേന്ദ്രങ്ങളില്‍ പ്രകടനവും സത്യഗ്രഹവും നടത്തും.

തിരുവനന്തപുരത്ത് എസ്ബിടി മെയിന്‍ബ്രാഞ്ചിനു മുന്നിലാണ് സത്യഗ്രഹം. സിഐടിയു പ്രവര്‍ത്തകര്‍ എംഎല്‍എ ഹോസ്റ്റല്‍ പരിസരത്ത് കേന്ദ്രികരിച്ച് പ്രകടനമാരംഭിക്കും. വൈകീട്ട് ആറിന് സത്യഗ്രഹത്തിന് സമാപനം കുറിച്ച് രക്തസാക്ഷി മണ്ഡപത്തിലേക്ക് തൊഴിലാളി പ്രകടനം നടക്കും. രാവിലെ 10.30നാണ് ട്രേഡ്യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തുക. തുടര്‍ന്ന് സത്യഗ്രഹമാരംഭിക്കും.  പാല്‍, പത്രം, ആശുപത്രി എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വ്യാപാര സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഈ മേഖലയും പൂര്‍ണമായും സ്തംഭിച്ചു. ബാങ്കിങ് മേഖലയിലും പണിമുടക്ക് പൂര്‍ണമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us