ബെംഗളൂരു∙ കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകൾ ബാനസവാടി സ്റ്റേഷനിലേക്ക് മാറ്റാനുള്ള നടപടിയിൽ പ്രതിഷേധിച്ച് കർണാടക-കേരള ട്രാവലേഴ്സ് ഫോറത്തിന്റെ (കെകെടിഎഫ്) നേതൃത്വത്തിൽ നടത്തിയ ധർണയിൽ പ്രതിഷേധമിരമ്പി. കെഎസ്ആർ സിറ്റി റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണയിൽ വിവിധ മലയാളി സംഘടനകളിലെ അംഗങ്ങൾ അണിചേർന്നു. ജനുവരി മുതൽ ബെംഗളൂരു-എറണാകുളം പ്രതിവാര സൂപ്പർഫാസ്റ്റ് (22607/ 22608), ആഴ്ചയിൽ രണ്ട് ദിവസമുള്ള ബെംഗളൂരു-എറണാകുളം സൂപ്പർഫാസ്റ്റ് (12683/ 12684) ട്രെയിനുകളാണ് ബാനസവാടിയിലേക്ക് മാറ്റുന്നത്.
നിലവിൽ കെഎസ്ആർ സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകളാണ് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ബാനസവാടി സ്റ്റേഷനിലേക്ക് മാറ്റുന്നത് ജനദ്രോഹ നടപടിയിൽ നിന്ന് റെയിൽവേ പിൻമാറണമെന്ന് ധർണ ഉദ്ഘാടനം ചെയ്ത കെകെടിഎഫ് ചെയർമാൻ ആർ.വി.ആചാരി പറഞ്ഞു.
സ്വകാര്യ ബസ് ലോബികളുടെ സമ്മർദത്തെ തുടർന്ന് സാധാരണ യാത്രക്കാരെ ദുരിതത്തിലാക്കാനുള്ള നടപടികളെടുക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ല. തീരുമാനം പിൻവലിക്കാൻ തയാറായില്ലെങ്കിൽ ട്രെയിൻ തടയൽ അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ആർ.വി.ആചാരി പറഞ്ഞു. ധർണയ്ക്കു കെകെടിഎഫ് കൺവീനർ ആർ.മുരളീധർ, വൈസ് ചെയർമാൻ ടി.എൻ.എം.നമ്പ്യാർ, ജോയിന്റ് കൺവീനർ സി.കെ.കുഞ്ഞപ്പൻ, ട്രഷറർ പി.ഐ.ഐസക്, കോഓർഡിനേറ്റർ മെറ്റി കെ.ഗ്രെയ്സ് എന്നിവർ നേതൃത്വം നൽകി.
കാരുണ്യ ബെംഗളൂരു, ശ്രീനാരായണ സമിതി, സൗത്ത് വെസ്റ്റ് കേരള സമാജം, ദൂരവാണിനഗർ കേരള സമാജം, കൈരളി കലാസമിതി, കർണാടക നായർ സർവീസ് സൊസൈറ്റി, നായർ സേവാ സംഘ് കർണാടക, കെഎംസിസി, മലബാർ മുസ്ലിം അസോസിയേഷൻ, സുവർണ കർണാടക കേരള സമാജം, നോർത്ത് വെസ്റ്റ് കേരള സമാജം, കേരള സമാജം ചാരിറ്റബിൾ സൊസൈറ്റി, സിപിഎസി, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ, കർണാടക പ്രവാസി കോൺഗ്രസ്, കൈരളി കൾച്ചറൽ അസോസിയേഷൻ, തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ, ഒരുമ തുടങ്ങി വിവിധ സംഘടനകളിലെ പ്രവർത്തകർ ധർണയിൽ പങ്കെടുത്തു.
ബാനസവാടിയിലേക്ക് മാറ്റുന്ന രണ്ട് ട്രെയിനുകളുടേയും ബുക്കിങ് ആരംഭിച്ചെങ്കിലും ബൈയ്യപ്പനഹള്ളിയിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തിലും അനുകൂല തീരുമാനം വൈകുകയാണ്. കെആർ പുരം കഴിഞ്ഞാൽ ബാനസവാടിയിൽ മാത്രമാണ് രണ്ട് ട്രെയിനിനും സ്റ്റോപ്പുള്ളത്.
ബാനസവാടിയിൽ സർവീസ് അവസാനിപ്പിക്കുമ്പോൾ നഗരത്തോടു ചേർന്ന് കിടക്കുന്ന കന്റോൺമെന്റ്, കെഎസ്ആർ സിറ്റി റെയിൽവേ സ്റ്റേഷനുകൾ ഒഴിവാക്കുന്നത് ആയിരക്കണക്കിന് പേർക്കാണ് ദുരിതമാകുന്നത്. ബൈയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനോടു ചേർന്ന് മെട്രോ ട്രെയിൻ സർവീസുള്ളതിനാൽ നഗരത്തിലേക്ക് കുറഞ്ഞ സമയം കൊണ്ട് എത്താൻ സാധിക്കും.
ആഴ്ചയിൽ രണ്ട് ദിവസമുള്ള ബെംഗളൂരു-എറണാകുളം സൂപ്പർഫാസ്റ്റ് (12683/12684) ട്രെയിൻ ജനുവരി നാല് മുതലും ബെംഗളൂരു-എറണാകുളം പ്രതിവാര സൂപ്പർഫാസ്റ്റ് (22607/ 22608) എട്ട് മുതലുമാണ് ബാനസവാടിയിലേക്ക് സർവീസ് മാറ്റുന്നത്.