ബെംഗളൂരു : ഇലക്ട്രോണിക് സിറ്റിയിലും ഹൊസൂർ റോഡിലെ മറ്റ് സമീപ സ്ഥലങ്ങളിലും വച്ച് റോഡ് സൈഡിലെ വിൽപ്പനക്കാർ നൽകുന്ന രുചികരമായ ചുടു ചായ നുകർന്നിട്ടുണ്ടോ ,എന്നാൽ നിങ്ങൾ കുടിച്ചത് വ്യാജനാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ബെംഗളൂരു സിറ്റി പോലീസിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്ന വിവരങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
മഫ്തിയിൽ ഉള്ള ഒരു പോലീസുകാരൻ ഒരു റോഡ് സൈഡിലെ ചായക്കടയിൽ നിന്ന് ചായ കുടിക്കുന്നിടത്തു നിന്നാണ് കേസിന്റെ തുമ്പ് ലഭിക്കുന്നത്. സൗഹൃദ സംഭാഷണത്തിനിടയിൽ ബ്രൂക്ക് ബോണ്ടിന്റെ ഈ ചായപ്പൊടിയെല്ലാം തങ്ങൾക്ക് ലഭിക്കുന്നത് പകുതി വിലക്കാണ് എന്ന് അറിയിച്ചു.
ബ്രൂക്ക് ബോണ്ടിന്റെ ഗോഡൗണിൽ നിന്നും കട്ടെടുത്ത് വിൽക്കുകയായിരിക്കും എന്ന നിഗമനത്തിൽ പോലീസ് നടത്തിയ അന്വോഷണത്തിനൊടുവിലാണ് വ്യാജൻമാരുടെ വിവരങ്ങൾ പുറത്ത് വന്നത്.
ഗിരി നഗറിലെ ഒരു വീടിന്റെ ബേസ്മെന്റിൽ ആണ് വ്യാജ ബ്രൂക്ക് ബോണ്ട് റെഡ് ലേബലും ത്രീ റോസസും പാക്കിംഗ് ചെയ്തിരുന്നത് എന്ന് കണ്ടെത്തി.
ബ്രൂക്ക് ബോണ്ട് ബ്രാന്റിന്റെ ഉടമസ്ഥരായ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ഔദ്യോഗിക പാക്കിംഗ് യൂണിറ്റാണ് എന്ന് ആദ്യ ഘട്ടത്തിൽ ഇവർ അവകാശപ്പെട്ടുവെങ്കിലും പിന്നീടുള്ള ചോദ്യം ചെയ്യലിൽ സത്യം വെളിപ്പെടുകയായിരുന്നു.
രാജസ്ഥാനിൽ നിന്നുള്ള സഹോദരൻമാരായ മൂന്ന് പേർ ചേർന്നാണ് ഈ വ്യാജ പാക്കിംഗ് യൂണിറ്റ് നടത്തിയിരുന്ന്, പ്രായപൂർത്തിയാകാത്ത കുട്ടികളെയും ജോലിക്ക് ഉപയോഗിച്ചിരുന്നു.
റാണാ സിംഗ് പേട്ടിൽ താമസിക്കുന്ന ജഗരാം ലാൽ (40), ഭാവർ ലാൽ (26) എന്നിവർ പിടിയിലായി മറ്റൊരു സഹോദരനും പ്രധാന പ്രതിയുമായ രമേഷ് ലാലിനെ (32) കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
11 ലക്ഷത്തോളം വിലവരുന്ന 2500 കിലോ വ്യാജ ചായപ്പൊടി ഇവരിൽ നിന്ന് പിടിച്ചെടുത്തു 15 ലക്ഷത്തിന്റെ ലേബലുകളും കണ്ടെത്തി.
തന്റെ മൊപ്പെഡിൽ ഭാവർ ലാൽ ആണ് ആവശ്യക്കാർക്ക് വ്യാജനെ എത്തിച്ചു കൊടുത്തിരുന്നത്, രമേഷ് ആണ് വ്യാജ ചായപ്പൊടി നിർമ്മിച്ചിരുന്നത്, ഇതെവിടെ നിന്ന് ഉണ്ടാക്കുന്നു എന്നുള്ള കാര്യങ്ങൾ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ അറിയാൻ കഴിയുകയുള്ളൂ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.