പോലീസ് ക്വാർട്ടേഴ്‌സ് അങ്കണത്തിൽ കത്തിച്ച മാലിന്യക്കൂമ്പാരത്തിൽ വീണു മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം.

ബെംഗളൂരു: ശിവാജിനഗർ പോലീസ് ക്വാർട്ടേഴ്‌സ് അങ്കണത്തിൽ കത്തിച്ച മാലിന്യക്കൂമ്പാരത്തിൽ വീണു പൊള്ളലേറ്റ മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം. മാർച്ച് അഞ്ചിനാണ് ട്രാഫിക് പോലീസ് കോൺസ്റ്റബിളായ ലോകേഷപ്പയുടെ മകൾ ഹർഷാലി ശിവാജി നഗർ പോലീസ് ക്വാർട്ടേഴ്‌സിലെ കത്തിച്ച മാലിന്യക്കൂമ്പാരത്തിൽ വീണത്.

കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തിൽ മാലിന്യക്കൂമ്പാരത്തിൽ വീഴുകയായിരുന്നു. വഴിയാത്രികൻ കുട്ടിയെ രക്ഷപ്പെടുത്തി മറ്റുള്ളവരെ വിവരമറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 13-ന് മരിച്ചു.

അധികൃതരുടെ അനാസ്ഥ മറച്ചുവെക്കാൻ ശ്രമിച്ചെങ്കിലും സംഭവം സാമൂഹിക മാധ്യമങ്ങൾ വഴി പുറത്തറിയുകയായിരുന്നു. അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് വഴിവെച്ചതെന്ന് കുട്ടിയുടെ അച്ഛൻ ലോകേഷപ്പയുടെ വാട്സാപ്പ് പോസ്റ്റ് വൈറലായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. മറ്റൊരുകുട്ടിക്കും തന്റെ മകൾക്കുണ്ടായ ദുരിതമുണ്ടാകരുതെന്നും അധികൃതരുടെ അനാസ്ഥയാണ് മകളുടെ മരണത്തിൽ കലാശിച്ചതെന്നും ലോകേഷപ്പ വാട്സാപ്പിൽ കുറിച്ചു.

പോലീസ് ഗ്രൂപ്പിൽ തിങ്കളാഴ്ച പോസ്റ്റ് ചെയ്ത കുറിപ്പ് അതിവേഗമാണ് പ്രചരിച്ചത്. ക്വാർട്ടേഴ്‌സിലെ മാലിന്യങ്ങൾ ഒഴിഞ്ഞപ്രദേശത്ത് കൂട്ടിയിട്ട് കത്തിക്കുന്നതിനെതിരേ ഒട്ടേറെത്തവണ താമസക്കാർ പരാതി നൽകിയിരുന്നു. എന്നാൽ ഇവയൊന്നും ചെവിക്കൊള്ളാൻ ക്വാർട്ടേഴ്‌സിന്റെ പരിപാലനച്ചുമതലയുള്ളവർ തയ്യാറായില്ലെന്നാണ് ആരോപണം.

ശിവാജിനഗർ പോലീസ് ഇൻസ്പെക്ടർക്കാണ് ക്വാർട്ടേഴ്‌സിന്റെ മേൽനോട്ടച്ചുമതല. നഗരത്തിൽ മാലിന്യങ്ങൾ കത്തിക്കുന്നതിന് നേരത്തേ ബെംഗളൂരു കോർപ്പറേഷനും വിലക്കേർപ്പെടുത്തിയിരുന്നു. ക്വാർട്ടേഴ്‌സ് പരിപാലനത്തിന്റെ ചുമതലയുണ്ടായിരുന്നവരുടെ ഗുരുതര വീഴ്ചയാണ് സംഭവത്തിനുപിന്നിലെന്നാണ് ആരോപണമുയരുന്നത്. സംഭവം ശ്രദ്ധയിൽപെട്ട മുതിർന്ന ഉദ്യോഗസ്ഥർ ശിവാജി നഗർ പോലീസ് ഇൻസ്പെക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us