ബെംഗളൂരു: ദസറ അവധ ആഘോഷങ്ങൾക്കായി ജനങ്ങൾ കൂട്ടത്തോടെ സ്വന്തം നാടുകളിലേക്ക് തിരിച്ചുതുടങ്ങിയതോടെ ബെംഗളൂരു നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്. വെള്ളിയാഴ്ച രാത്രി വൈകിയും നഗരത്തിലെ പ്രധാന പാതകളിലെല്ലാം നൂറുകണക്കിന് വാഹനങ്ങളാണ് മണിക്കൂറുകളോളം കുടുങ്ങിക്കിടന്നത്. മജസ്റ്റിക്, മല്ലേശ്വരം, രാജാജിനഗർ, യശ്വന്ത്പൂർ, പീനിയ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം കിലോമീറ്ററുകളോളം നീളുന്ന വാഹനനിര ദൃശ്യമായിരുന്നു. പുലർച്ചെ ഒരു മണി വരെ നഗരത്തിൽ ഗതാഗത തടസ്സം നീണ്ടുനിന്നു.
സാധാരണ ദിവസങ്ങളിൽ തന്നെ കടുത്ത ഗതാഗതക്കുരുക്ക് നേരിടുന്ന ബെംഗളൂരുവിൽ, ഉത്സവകാലമായതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളാകുകയായിരുന്നു. വാഹനങ്ങളുടെ അനിയന്ത്രിതമായ ഒഴുക്ക് നിയന്ത്രിക്കാൻ ട്രാഫിക് പോലീസിന് ഏറെ പ്രയാസപ്പെടേണ്ടി വന്നു.
അതേസമയം, ദസറ തിരക്ക് മുതലാക്കി സ്വകാര്യ ബസ് ഓപ്പറേറ്റർമാർ യാത്രാനിരക്ക് കുത്തനെ കൂട്ടിയതിൽ യാത്രക്കാർ കടുത്ത അമർഷത്തിലാണ്. സാധാരണ ദിവസങ്ങളിൽ 500 രൂപയുണ്ടായിരുന്ന സ്ലീപ്പർ കോച്ച് ടിക്കറ്റ് നിരക്കുകൾ നിലവിൽ 1100 രൂപ വരെയായി വർദ്ധിപ്പിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമാക്കിയത് സാധാരണക്കാരായ യാത്രക്കാരെ വലിയ പ്രതിസന്ധിയിലാക്കി. ഉത്സവ സീസണുകളിൽ സ്വകാര്യ ബസുകളുടെ ചൂഷണം തടയുന്നതിനായി കൂടുതൽ സർക്കാർ ബസുകൾ സർവീസ് നടത്തണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.
