ദസറ അവധി; വിമാനക്കൂലിയും ബസ് നിരക്കും കുത്തനെ കൂട്ടി

bus stand

ബെംഗളൂരു: ദുർഗ്ഗാ പൂജയും ദസറയും സ്വന്തം നാട്ടിൽ ആഘോഷിക്കാനിരുന്ന ബെംഗളൂരുവിലെ ഇതരസംസ്ഥാന തൊഴിലാളികളും പ്രവാസികളും ടിക്കറ്റ് നിരക്കിലെ വൻ വർദ്ധനവ് കാരണം യാത്രാപദ്ധതികൾ ഉപേക്ഷിക്കുന്നു. ഉത്സവ സീസൺ മുന്നിൽ കണ്ട് വിമാനക്കമ്പനികളും സ്വകാര്യ ബസ് ഓപ്പറേറ്റർമാരും നിരക്കുകൾ കുത്തനെ കൂട്ടിയതാണ് സാധാരണക്കാർക്ക് തിരിച്ചടിയായത്.

ബെംഗളൂരുവിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള വിമാന നിരക്കിൽ ഈ ആഴ്ച മാത്രം എഴുപത് ശതമാനത്തോളമാണ് വർദ്ധനവുണ്ടായത്. സാധാരണഗതിയിൽ 6,000 രൂപ മുതൽ 8,500 രൂപ വരെയായിരുന്ന വൺ-വേ ടിക്കറ്റ് നിരക്കുകൾ ഇപ്പോൾ ഒരാൾക്ക് 17,000 രൂപയ്ക്ക് മുകളിലാണ്. ഡൽഹി ഉൾപ്പെടെയുള്ള മറ്റ് പ്രധാന നഗരങ്ങളിലേക്കുള്ള വിമാന നിരക്കിലും സമാനമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനേക്കാൾ ഉയർന്ന തുകയാണ് ഇപ്പോൾ ആഭ്യന്തര വിമാന സർവീസുകൾക്ക് ഈടാക്കുന്നതെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.

ആകാശമാർഗ്ഗം മാത്രമല്ല, റോഡ് മാർഗ്ഗമുള്ള യാത്രയും കടുത്ത സാമ്പത്തിക ബാധ്യതയായി മാറിയിട്ടുണ്ട്. മംഗലാപുരം പോലെയുള്ള സമീപ നഗരങ്ങളിലേക്ക് സാധാരണ 500 രൂപയുണ്ടായിരുന്ന നോൺ-എസി ബസ് ടിക്കറ്റുകൾക്കും, 1,000 മുതൽ 1,200 രൂപ വരെയായിരുന്ന ലക്ചറി ബസ് ടിക്കറ്റുകൾക്കും നിലവിൽ സ്വകാര്യ ബസ് ഉടമകൾ 2,000 രൂപയ്ക്ക് മുകളിലാണ് ഈടാക്കുന്നത്.

നിരക്ക വർദ്ധനവ് വരാനിരിക്കുന്ന ദീപാവലി യാത്രകളെയും ബാധിക്കുമെന്ന ആശങ്കയിലാണ് പ്രവാസികൾ. അതേസമയം, സ്വന്തം നാടുകളിലേക്ക് പോകാതിരിക്കുന്ന പല കുടുംബങ്ങളും ആശ്വാസമെന്നോണം കൂർഗ്, മൈസൂർ, ചിക്കമഗളൂരു, ഊട്ടി, വയനാട് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഹ്രസ്വ സന്ദർശനങ്ങൾക്കായി യാത്രകൾ പ്ലാൻ ചെയ്യുന്നതായും ട്രാവൽ ഓപ്പറേറ്റർമാർ വ്യക്തമാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts