ക്ഷേത്രത്തിലേക്ക് പത്തുലക്ഷം രൂപ ചെലവിൽ നിർമിച്ച യന്ത്ര ആനയെ നൽകി നടി ശില്പാ ഷെട്ടി

ബെംഗളൂരു : ചിക്കമഗളൂവിലെ ക്ഷേത്രത്തിൽ യന്ത്ര ആനയെ സമർപ്പിച്ച് ബോളിവുഡ് നടി ശില്പാ ഷെട്ടി. രംഭാപുരി മഠത്തിലെ ജഗദ്ഗുരു രേണുകാചാര്യാ ക്ഷേത്രത്തിലാണ് ജീവൻതുടിക്കുന്ന യന്ത്രയാനയെ സമർപ്പിച്ചത്.

ആഘോഷങ്ങൾക്ക് ആനയെ വാടകയ്ക്കെടുക്കേണ്ടെന്ന് തീരുമാനിച്ച ക്ഷേത്രമാണിത്. വീരഭദ്ര എന്നു പേരിട്ട യന്ത്ര ആനയ്ക്ക് മൂന്നുമീറ്റർ ഉയരവും 800 കിലോ തൂക്കവുമുണ്ട്.

പത്തുലക്ഷം രൂപ ചെലവിൽ റബ്ബർ, ഫൈബർ, സ്റ്റീൽ തുടങ്ങിയവ ഉപയോഗിച്ചാണ് നിർമിച്ചത്. ജീവനുള്ള ആനയെപ്പോലെ ഇത് കണ്ണുകൾ അടയ്ക്കുകയും തുറക്കുകയും ചെയ്യും. വലിയ ചെവികൾ ആട്ടും തലയും തുമ്പിക്കൈയും വാലും ഇളക്കും.

മൃഗസംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന പെറ്റയും (പീപ്പിൾ ഓഫ് എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽസ്) ബെംഗളൂരുവിലെ സന്നദ്ധ സംഘടനയായ ക്യുപയുമാണ് (കമ്പാഷനേറ്റ് അൺലിമിറ്റഡ് പ്ലസ് ആക്‌ഷൻ) യന്ത്രയാനയെ സമർപ്പിക്കാൻ വഴിയൊരുക്കിയത്.

ശ്രീമദ് രംഭാപുരി വീരരുദ്രമുനി ജഗദ്ഗുരുവിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് ആനയെ സമർപ്പിച്ചത്. മംഗളവാദ്യാവതരണവുമുണ്ടായി. സമർപ്പണച്ചടങ്ങിൽ വനംവകുപ്പു മന്ത്രി ഈശ്വർ ഖാൻഡ്രെ, ഊർജവകുപ്പുമന്ത്രി കെ.ജെ. ജോർജ്, മഠാധിപതി രംഭാപുരി ജഗദ്ഗുരു എന്നിവർ സംബന്ധിച്ചു.

ഇതോടെ ദക്ഷിണേന്ത്യയിലെ പത്ത് ക്ഷേത്രങ്ങളിൽ യന്ത്ര ആനകളായെന്ന് ‘പെറ്റ’ അറിയിച്ചു. തൃശ്ശൂരിലെ ഇരിഞ്ഞാടപ്പള്ളി ശ്രീകൃഷ്ണക്ഷേത്രത്തിൽ നടി പാർവതി തിരുവോത്ത് യന്ത്ര ആനയെ സംഭാവന നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us