ബെംഗളൂരു : മണൽക്കടത്ത് തടയാൻ ശ്രമിച്ച പോലീസുകാരൻ ട്രാക്ടറിടിച്ചു മരിച്ചു. നെലോഗി സ്റ്റേഷനിലെ കോൺസ്റ്റബിൾ മയൂര ചൗഹാനാ(51)ണ് കൊല്ലപ്പെട്ടത്. ട്രാക്ടർ ഡ്രൈവർ സിദ്ധണ്ണ(36)യെ പോലീസ് അറസ്റ്റുചെയ്തു. കലബുറഗി ജില്ലയിലെ നാരായണപുരയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം.
മണൽ കടത്തിയ ട്രാക്ടർ ബൈക്കിലെത്തിയ മയൂര ചൗഹാൻ തടഞ്ഞു. ട്രാക്ടർ നിർത്തുന്നതിനുപകരം അതിവേഗം മുന്നോട്ടെടുത്ത് ഇദ്ദേഹത്തെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. തലയിലൂടെ ട്രാക്ടറിന്റെ ചക്രം കയറിയിറങ്ങി മയൂര ചൗഹാൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രദേശത്ത് മണൽക്കടത്തിന് നേതൃത്വം നൽകുന്ന സംഘത്തിലെ കണ്ണിയാണ് സിദ്ധണ്ണയെന്ന് പോലീസ് പറഞ്ഞു. മണൽക്കടത്ത് സംഘത്തിലെ മുഴുവനാളുകളെയും പിടികൂടുമെന്നും ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കലബുറഗി എസ്.പി. ഇഷ പന്ത് അറിയിച്ചു.
കർണാടകയിലെ മണൽ മാഫിയകളുടെ പ്രവർത്തനം തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി പ്രിയങ്ക് ഖാർഗെ പോലീസിന് നിർദേശം നൽകി. ചൗഹാന്റെ കുടുംബത്തിന് ധനസഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.