ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ, പ്രഭാതഭക്ഷണ പദ്ധതികളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ടി.വി.കെ സർക്കാർ. സ്കൂൾ വിദ്യാർത്ഥികൾക്ക് ആഴ്ചയിലൊരിക്കൽ ചിക്കൻ ബിരിയാണി നൽകാനുള്ള ചരിത്രപരമായ നിർദ്ദേശമാണ് മുഖ്യമന്ത്രി സി. ജോസഫ് വിജയ് മുന്നോട്ടുവെച്ചിരിക്കുന്നത്. സെപ്റ്റംബർ 22 മുതൽ ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മാംസാഹാരം കഴിക്കാത്ത സസ്യാഹാരികളായ കുട്ടികൾക്ക് പോഷകസമൃദ്ധമായ സസ്യാഹാരം തന്നെ തുടന്നും നൽകും.
വലിയ തോതിൽ കുട്ടികൾക്കായി നോൺ-വെജ് ഭക്ഷണം തയ്യാറാക്കുമ്പോൾ ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കേണ്ടതുണ്ടെന്ന് സ്കൂൾ വിദ്യാഭ്യാസ മന്ത്രി രാജ്മോഹൻ വ്യക്തമാക്കി. ഇതിനായി തുടക്കത്തിൽ പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കിയ ശേഷമായിരിക്കും സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുക. മതിയായ പാചക ഉപകരണങ്ങളും അണുവിമുക്തമായ അന്തരീക്ഷവും സജ്ജമാക്കിയ ശേഷമേ സമ്പൂർണ്ണ നിർവ്വഹണം സാധ്യമാകൂ. ജയിലിലെ തടവുകാർക്ക് പോലും ചിക്കൻ ബിരിയാണി ലഭിക്കുമ്പോൾ വളരുന്ന കുട്ടികൾക്ക് അത് നൽകുന്നതിൽ രാഷ്ട്രീയമായി ഒന്നും കാണേണ്ടതില്ലെന്നും, അവരുടെ ശാരീരിക വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീൻ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പദ്ധതി വ്യാപിപ്പിക്കുന്നതിനായി നടപ്പ് സാമ്പത്തിക വർഷത്തിൽ 217.63 കോടി രൂപ കൂടി വകയിരുത്തിയതോടെ പദ്ധതിയുടെ ആകെ ബജറ്റ് 724 കോടി രൂപയായി ഉയർന്നു. ഉപ്പിട്ട്, കിച്ച്ഡി, പൊങ്കൽ എന്നിവയ്ക്ക് പുറമെ ആഴ്ചയിൽ രണ്ടുതവണ ധാന്യാധിഷ്ഠിത ഭക്ഷണവും പ്രഭാതഭക്ഷണ മെനുവിലുണ്ട്. കാമരാജ്, കരുണാനിധി, എം.ജി.ആർ, ജയലളിത തുടങ്ങിയ മുൻ മുഖ്യമന്ത്രിമാർ തുടക്കമിട്ട ഉച്ചഭക്ഷണ പോഷകാഹാര പദ്ധതികളുടെ തുടർച്ചയായാണ് പുതിയ നീക്കം. തദ്ദേശീയ സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങൾ വഴി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ കുട്ടികളുടെ ഹാജർ നിലയും ആരോഗ്യവും ഉയർത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
