പിതാവിന്റെ കടം വീട്ടാൻ അയൽവാസിയുടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; യുകെ ബിരുദധാരിയായ യുവാവ് ബെംഗളൂരുവിൽ പിടിയിൽ
ബെംഗളൂരു: പിതാവിന്റെ കോടികളുടെ കടബാധ്യത തീർക്കാൻ അയൽവാസിയുടെ 13 വയസ്സുള്ള മകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ യുകെയിൽ നിന്ന് എം.ടെക് പൂർത്തിയാക്കിയ യുവാവ് അറസ്റ്റിൽ. ആന്ധ്രാപ്രദേശ് സ്വദേശിയായ വക ഭാസ്കർ റെഡ്ഡി (28) ആണ് ബെംഗളൂരു പൊലീസിന്റെ പിടിയിലായത്.
വൈറ്റ്ഫീൽഡിലെ പ്രമുഖ മൾട്ടിനാഷണൽ കമ്പനിയിലെ ധനകാര്യ വിഭാഗത്തിൽ പ്രതി പ്രതിമാസം 65,000 രൂപ ശമ്പളത്തിൽ ജോലി ചെയ്തുവരികയായിരുന്നു. എന്നാൽ പിതാവിനുണ്ടായിരുന്ന മൂന്ന് കോടി രൂപയുടെ കടം തീർക്കാൻ ഒരുകോടി രൂപ തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭാസ്കർ റെഡ്ഡി ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തത്. ഇതിനായി റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന അയൽവാസിയുടെ മകനെയാണ് പ്രതി ലക്ഷ്യമിട്ടത്.
ഒരു ആഴ്ച നീണ്ട ആസൂത്രണത്തിനൊടുവിൽ കുട്ടിയെ കാറിൽ കയറ്റി ബാ ഗലൂരിലെ വിജനമായ ലേഔട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുട്ടിയെ തിരികെ അയച്ചാൽ തന്നെ തിരിച്ചറിയുമെന്ന ഭയത്താൽ കുട്ടിയെ രക്ഷപ്പെടാൻ അനുവദിക്കാതെ അവിടെവെച്ച് തന്നെ കൊലപ്പെടുത്തി. കൊലപാതകത്തിന് തൊട്ടുമുമ്പ്, പിതാവിനോട് മോചനദ്രവ്യം നൽകാൻ കരഞ്ഞു അപേക്ഷിക്കുന്ന 90 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ കുട്ടിയെക്കൊണ്ട് പ്രതി നിർബന്ധപൂർവ്വം ചിത്രീകരിപ്പിച്ചു.
കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഈ വീഡിയോ മാതാപിതാക്കൾക്ക് അയച്ചുകൊടുത്ത് ഒരു കോടി രൂപ ആവശ്യപ്പെടാനായിരുന്നു പ്രതിയുടെ പദ്ധതി. എന്നാൽ കൃത്യത്തിന് ശേഷം മടങ്ങുന്നതിനിടെ പ്രതി ഓടിച്ചിരുന്ന വാഹനം രണ്ട് അപകടങ്ങളിൽപ്പെട്ടതോടെ പോലീസിന്റെ പിടിയിലാവുകയും ഗൂഢാലോചന പുറത്തുവരികയുമായിരുന്നു.
അതേസമയം ഈ ഗൂഢാലോചനയെക്കുറിച്ച് പ്രതിയുടെ പിതാവിന് യാതൊരു അറിവുമുണ്ടായിരുന്നില്ല. കുട്ടി കാണാതായ സെപ്റ്റംബർ 17-ന് പോലീസിൽ പരാതി നൽകുന്നതുവരെ കുട്ടിയുടെ കുടുംബത്തോടൊപ്പം തിരച്ചിലിൽ ഭാസ്കറിന്റെ പിതാവും പങ്കാളിയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
