കൊച്ചി∙ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ നായ്ക്കൾക്കു സമാനമായി കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ചു മുട്ടിൽ നടത്തിക്കുന്ന ക്രൂര ദൃശ്യങ്ങൾ പുറത്ത്. പെരുമ്പാവൂരിലെ അറയ്ക്കൽപ്പടിയിലുള്ള സ്ഥാപനത്തിലാണു തൊഴിലാളി പീഡനം നടന്നതെന്നാണു പൊലീസ് നൽകുന്ന വിവരം. ജീവനക്കാർ പാന്റ്സ് ഊരി കഴുത്തിൽ ബെൽറ്റ് ധരിച്ച് നായ്ക്കളെ പോലെ മുട്ടിൽ ഇഴയുകയും നാണയം നക്കിയെടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണു പുറത്തുവന്ന വിഡിയോയിൽ ഉള്ളത്. പ്രഷർ കുക്കർ, പാത്രങ്ങൾ, തേയില, കറിപൗഡർ പോലുള്ള വസ്തുക്കൾ വീടുകളിൽ കയറി വിൽപ്പന്ന നടത്തുന്നവരാണു ജീവനക്കാർ. ഇവർ ഓരോ മാസത്തേയും ടാർഗറ്റ് തികച്ചില്ല എന്ന പേരിലാണു ക്രൂര പീഡനം.
എറണാകുളം കലൂർ നോർത്ത് ജനതാ റോഡിലുള്ള സ്വകാര്യ സ്ഥാപനത്തിലാണു തൊഴിൽ പീഡനം നടന്നതെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാൽ ഈ സ്ഥാപനത്തിൽ അല്ല, ഇവിടെ നിന്ന് സാധനങ്ങൾ വാങ്ങി വിൽപ്പന നടത്തുന്ന പെരുമ്പാവൂരിലുള്ള കെൽട്രോ ഗ്രൂപ്പ് എന്ന കമ്പനിയിലാണ് ഇക്കാര്യം നടന്നതെന്നാണു വിവരമെന്നും പാലാരിവട്ടം പൊലീസ് വ്യക്തമാക്കി. തങ്ങൾക്ക് ഇക്കാര്യത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
വിഷയത്തിൽ ഇടപെട്ട മന്ത്രി വി.ശിവൻകുട്ടി ലേബർ ഓഫിസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. പെരുമ്പാവൂരാണു സംഭവമെന്നും അവിടേക്കു കാര്യങ്ങൾ അന്വേഷിക്കാനായി ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ടെന്നും ലേബർ വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. പീഡനം നേരിടുന്നതായി കാണിച്ച് ഏതാനും പേരുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതുവരെ കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെന്നും പെരുമ്പാവൂർ പൊലീസ് വ്യക്തമാക്കി.
പെരുമ്പാവൂരിലെ മാറമ്പിള്ളിയിൽ പ്രവർത്തിച്ചിരുന്ന കെൽട്രോ ഗ്രൂപ്പിന്റെ ജനറൽ മാനേജർ പീഡന പരാതിയിൽ രണ്ടര മാസം മുൻപ് അറസ്റ്റിലായിരുന്നു. ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടി നൽകിയ പരാതിയിലാണ് വയനാട് സ്വദേശിയായ ഇയാൾ അറസ്റ്റിലാകുന്നതും പിന്നീട് ജാമ്യത്തിലിറങ്ങുന്നതും. ഈ കമ്പനി അന്നു മുതൽ അടച്ചിട്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ എന്ന് നടന്ന സംഭവത്തിന്റെ വിഡിയോ ആണ് പ്രചരിക്കുന്നതെന്നും വ്യക്തമല്ല.