കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഒടുക്കാൻ നോട്ടീസ്.
എം ജി ശ്രീകുമാറിന്റെ മുളവുകാട് പഞ്ചായത്തിലുളള വീട്ടിൽ നിന്നൊരു മാലിന്യപ്പൊതി വീഴുന്നത് മൊബൈൽ ഫോണിൽ പകർത്തിയ വിനോദ സഞ്ചാരിയുടെ വീഡിയോ പുറത്തുവന്നതാണ് കാരണമായത്.
പിഴയായി 25,000 രൂപ അടയ്ക്കണമെന്നാണ് നോട്ടീസ്. വിഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് നോട്ടിസ് നൽകിയത്.
ഇതിനെ തുടർന്ന് എം ജി ശ്രീകുമാർ കഴിഞ്ഞ ദിവസം തന്നെ പിഴ ഒടുക്കിയിരുന്നു.ഗായകന്റെ വീട്ടിൽ നിന്നാണ് മാലിന്യം വലിച്ചെറിയുന്നതെന്ന് വിഡിയോയിൽ വ്യക്തമാണെങ്കിലും ആരാണ് ചെയ്തതെന്ന് തിരിച്ചറിയാനാവില്ല.
നാലു ദിവസം മുൻപ് സോഷ്യൽ മീഡിയയിലൂടെ മന്ത്രി എം ബി രാജേഷിനെ ടാഗ് ചെയ്താണ് വിഡിയോ പോസ്റ്റ് ചെയ്തത്.
സംഭവത്തിൽ മന്ത്രിയും പ്രതികരിച്ചിരുന്നു. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനുള്ള 94467 00800 എന്ന സർക്കാരിന്റെ വാട്സാപ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
പരാതി ലഭിച്ചതോടെ തദ്ദേശ വകുപ്പിലെ കൺട്രോൾ റൂമിന്റെ നിർദ്ദേശ പ്രകാരം അന്ന് തന്നെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
തുടർന്ന് പഞ്ചായത്ത് രാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പ് പ്രകാരം പിഴ നോട്ടിസ് നൽകുകയായിരുന്നു.
ഇക്കാര്യം പിന്നീട് പരാതിക്കാരനെ എം ബി രാജേഷ് തന്നെ സോഷ്യൽ മീഡിയ വഴി അറിയിച്ചു.
പിഴ അടച്ച് കഴിയുമ്പോൾ ഈ വിവരം തെളിവ് സഹിതം നൽകിയ ആൾക്ക് പാരിതോഷികം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.