ബെംഗളൂരു : മാതാപിതാക്കളെ സ്വത്ത് കൈവശപ്പെടുത്തിയശേഷം സർക്കാരാശുപത്രികളിൽ ഉപേക്ഷിക്കുന്നവരുടെ വസ്തുകൈമാറ്റവും വിൽപ്പത്രവും റദ്ദാക്കാൻ നിർദേശിച്ച് കർണാടക മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ശരൺ പ്രകാശ് പാട്ടീൽ. സ്വത്ത് സ്വന്തംപേരിലാക്കിയശേഷം പ്രായമായ മാതാപിതാക്കളെ സർക്കാരാശുപത്രികളിൽ ഉപേക്ഷിക്കുന്ന പ്രവണത സംസ്ഥാനത്ത് കൂടിയ സാഹചര്യത്തിലാണ് നിർദേശം.
ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (ബിഐഎംഎസ്) മാത്രം 150 മുതിർന്ന ആളുകളെ ഇത്തരത്തിൽ ഉപേക്ഷിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. അടുത്തിടെനടന്ന അവലോകനയോഗത്തിൽ ബിഐഎംഎസ് ഡയറക്ടറാണ് ഈ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
ഇതേത്തുടർന്ന് മക്കൾക്കെതിരേ റവന്യു സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർമാർക്ക് പരാതിനൽകാൻ എല്ലാ മെഡിക്കൽ സ്ഥാപന മേധാവികളോടും ആവശ്യപ്പെടാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. ബി.എൽ. സുജാത റാത്തോഡിന് മന്ത്രി നിർദേശംനൽകി.
2007-ലെ ‘മാതാപിതാക്കളുടെയും മുതിർന്നപൗരരുടെയും പരിപാലന, ക്ഷേമ’ നിയമപ്രകാരം അസിസ്റ്റന്റ് കമ്മിഷണർമാർ നടപടിയെടുക്കാൻ മെഡിക്കൽ സ്ഥാപനങ്ങളുടെ ഡയറക്ടർമാർ പരാതികൊടുക്കണമെന്ന് മന്ത്രി പറഞ്ഞു. പലർക്കും ഈ നിയമത്തെക്കുറിച്ച് അറിയില്ല. മക്കളോ ബന്ധുക്കളോ മുതിർന്നപൗരർക്ക് സാമ്പത്തികവും വൈദ്യപരവുമായ സഹായംനൽകണമെന്ന് നിയമം അനുശാസിക്കുന്നു. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ മാതാപിതാക്കൾക്ക് സ്വത്തുകൈമാറ്റം റദ്ദാക്കാൻ നിയമപരമായ അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.
നിയമത്തിലെ സെക്‌ഷൻ 23 അനുസരിച്ച് സ്വത്തുലഭിച്ചശേഷം കുട്ടികൾ മാതാപിതാക്കളെ അവഗണിക്കുകയോ ഉപേക്ഷിക്കുകയോചെയ്താൽ വിൽപ്പത്രങ്ങളോ സ്വത്തുകൈമാറ്റങ്ങളോ റദ്ദാക്കാനും പ്രായമായ മാതാപിതാക്കൾക്ക് ഉടമസ്ഥാവകാശം പുനഃസ്ഥാപിക്കാനും നിയമം അനുവദിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.