കൊച്ചി: കലൂർ സ്റ്റേഡിയത്തിന്‍റെ വിഐപി ഗാലറിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎല്‍എയെ വെന്‍റിലേറ്ററിലേക്ക് മാറ്റി.
സിടി സ്കാൻ, എംആർഐ സ്കാൻ അടക്കം പരിശോധനകള്‍ക്ക് ശേഷമാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.
ഉമ തോമസ് അബോധാവസ്ഥയില്‍ തുടരുന്നു. വാരിയെല്ല് പൊട്ടി ശ്വാസകോശത്തില്‍ മുറിവേറ്റു, തലച്ചോറിലും മുറിവുണ്ടായെന്നും നട്ടെല്ലിനും പരുക്കുണ്ടെന്നും ചികിത്സിക്കുന്ന കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോക്ടർമാർ പറഞ്ഞു.
അടിയന്തിര ശസ്ത്രക്രിയ നടത്തില്ലെന്നും ശ്വാസകോശത്തില്‍ രക്തം കയറി. ശ്വാസകോശത്തിനും തലച്ചോറിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
ബോധം, പ്രതികരണം , ഓർമ്മയെ ഒക്കെ ബാധിക്കാവുന്ന മുറിവുകളാണ്. പെട്ടെന്ന് ഭേദമാകുന്ന പരുക്കുകളല്ല ഉണ്ടായിരിക്കുന്നതെന്നും ഡോക്ടർമാർ പറഞ്ഞു.
മന്ത്രി സജി ചെറിയാനും കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും അടക്കം ആശുപത്രിയിലെത്തിയിട്ടുണ്ട്.
നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഭരതനാട്യം നര്‍ത്തകരുടെ നൃത്ത സന്ധ്യക്കിടെയാണ് അപകടം ഉണ്ടായത്.
പരിപാടി ആരംഭിക്കാനിരിക്കെ സ്റ്റേഡിയത്തിലെത്തിയ എംഎല്‍എ മന്ത്രി സജി ചെറിയാനെ അഭിവാദ്യം ചെയ്ത ശേഷം തന്‍റെ ഇരിപ്പിടത്തിലേക്ക് ഇരിക്കാനായി പോകുമ്പോൾ കാല്‍ വഴുതി താഴേക്ക് വീണുവെന്നാണ് മനസിലാക്കുന്നത്.
ഇവിടെ സ്ഥാപിച്ച താത്കാലിക ബാരിക്കേഡ് ബലമുള്ളതായിരുന്നില്ല.
താഴെ കോണ്‍ക്രീറ്റ് സ്ലാബില്‍ തലയിടിച്ച് വീണ എംഎല്‍എയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ഉടനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
തലയിലെ പരുക്കില്‍ നിന്ന് രക്തം വാർന്നുപോയിട്ടുണ്ട്. തലക്കകത്ത് ആന്തരിക രക്തസ്രാവം ഉണ്ടായെന്നും രക്തം കട്ടപിടിച്ചെന്നും സംശയമുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.