ബെംഗളൂരു: ഫുഡ് ഡെലിവറി എക്സിക്യൂട്ടീവായി ജോലി ചെയ്ത് ആളുകളുടെ താമസ സ്ഥലങ്ങള്‍ നോക്കി വെച്ച ശേഷം മോഷണം.
ബെംഗളൂരു എച്ച്‌എഎല്‍ പോലീസാണ് നാല് ലക്ഷത്തോളം രൂപ വിലവരുന്ന 12 മൊബൈല്‍ ഫോണുകള്‍ ഒരു യുവാവില്‍ നിന്ന് പിടിച്ചെടുത്തത്.
അസം കരിംഗഞ്ച് സ്വദേശിയായ കബിർ ഹുസൈൻ (24) ആണ് പിടിയിലായത്.
ഫുഡ് ഡെലിവറി കമ്പനികളില്‍ ഡെലിവറി എക്സിക്യൂട്ടീവായി ജോലി ചെയ്തുള്ള പരിചയമാണ് മോഷണം നടത്താൻ യുവാവിന് സഹായകമായതെന്ന് പോലീസ് പറയുന്നു.
പേയിങ് ഗസ്റ്റായി താമസിക്കുന്ന ചിലർ വീടുകള്‍ പൂട്ടാറില്ലെന്ന് ഇയാള്‍ ജോലിക്കിടെ മനസിലാക്കി.
ഇങ്ങനെയുള്ള സ്ഥലങ്ങള്‍ നോക്കിവെച്ചു. രാത്രി താമസക്കാർ ഉറങ്ങിക്കഴിഞ്ഞുള്ള സമയത്ത് ഇവിടെയെത്തി മുറികള്‍ക്കുള്ളില്‍ കടന്ന് മൊബൈല്‍ ഫോണുകള്‍ എടുത്തുകൊണ്ട് പോവുകയായിരുന്നു.
ഇതിന് പുറമെ നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലെ തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളും മോഷ്ടിച്ചു.
ഏതാനും ദിവസം മുമ്പ് രാത്രി എച്ച്.എ.എല്‍ ഏരിയയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കളവ് പോയത് സംബന്ധിച്ച് ലഭിച്ച പരാതി പ്രകാരം പോലീസുകാർ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.
എന്നാല്‍ ആളെക്കുറിച്ച് കാര്യമായ വിവരമൊന്നും കിട്ടിയില്ല.
പിറ്റേദിവസം ഇയാള്‍ അതേ സ്ഥലത്ത് വീണ്ടുമെത്തി ചുറ്റിത്തിരിയുന്നത് പോലീസുകാർ കണ്ടു.
അതേ ഷർട്ട് തന്നെ ധരിച്ചിരുന്നതിനാല്‍ തിരിച്ചറിയാനും പ്രയാസമുണ്ടായിരുന്നില്ല.
കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടു പോയി ചോദ്യം ചെയ്തപ്പോഴാണ് ഓരോ മോഷണക്കേസുകളിലായി വിവരങ്ങള്‍ പുറത്തുവരുന്നത്.
മോഷ്ടിച്ച ഒരു ഫോണും ഇയാള്‍ വിറ്റിരുന്നില്ല.
ഫോണ്‍ നഷ്ടമായവരില്‍ രണ്ട് പേരാണ് പരാതി നല്‍കിയത്.
മറ്റ് 10 പേർ ഇ-ലോസ്റ്റ് റിപ്പോർട്ടുകള്‍ ഫയല്‍ ചെയ്തിരുന്നു.
വരുമാനം കുറവായിരുന്നെന്ന കാരണം പറഞ്ഞ് ഇയാള്‍ ഡെലിവറി ജോലി ഉപേക്ഷിച്ച് ഇടയ്ക്ക് നാട്ടിലേക്ക് പോയിരുന്നു.
പിന്നീട് വീണ്ടും തിരിച്ചെത്തി ജോലി അന്വേഷിച്ചു.
താത്കാലിക താമസ സ്ഥലങ്ങളിലായിരുന്നു കഴിഞ്ഞിരുന്നത്.
കോടതിയില്‍ ഹാജരാക്കിയ യുവാവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.