മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് നാളെ തുടക്കമാകും. വൈകിട്ട് അഞ്ചിന് പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.
നട തുറന്ന ശേഷം ആഴിയിൽ അഗ്നിപകരും. പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരും നാളെ ചുമതലയേൽക്കും.
വൃശ്ചിക മാസം ഒന്നിന് പുലർച്ചെ മൂന്നു മണിക്കാണ് നട തുറക്കുക. അയ്യപ്പഭക്തരെ വരവേൽക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ചേർന്ന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി വാർത്താക്കുറിപ്പിൽ സർക്കാർ അറിയിച്ചു.
അതേസമയം, ശബരിമല ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന അനുഭവം വർധിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ‘സ്വാമി ചാറ്റ് ബോട്ട്’ വരുന്നു.
പുതിയ എ.ഐ അസിസ്റ്റന്റിന്റെ ലോഗോ അനാവരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
സ്മാർട്ട് ഫോൺ ഇന്റർഫേസിലൂടെ ആക്സസ് ചെയ്യാവുന്ന സ്വാമി ചാറ്റ് ബോട്ട് ഇംഗ്ലീഷ്,ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ആറു ഭാഷകളിൽ സമഗ്ര സേവനം ഉറപ്പ് വരുത്തുമെന്ന് അധികൃതർ അറിയിച്ചു.