ബെംഗളൂരു : രാംപുര തടാകത്തിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി പരിസര പ്രദേശങ്ങളിൽ ദുർഗന്ധം. ഞായറാഴ്ച രാവിലെയാണ് തടാകത്തിൽ നൂറുകണക്കിന് മീനുകൾ ചത്തുപൊങ്ങിയത്.
എന്നാൽ, തിങ്കളാഴ്ച വൈകീട്ടുവരെ ഇവയെ മാറ്റാനുള്ള നടപടികൾ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) അധികൃതർ സ്വീകരിച്ചിട്ടില്ല. ദുർഗന്ധംകാരണം പ്രദേശവാസികൾക്ക് ബുദ്ധിമുട്ടാവുകയാണ്. തടാകത്തിന്റെ സമീപത്തുകൂടി പോകാൻ പറ്റാത്ത അവസ്ഥയാണ്.
വർഷങ്ങൾക്ക് മുൻപ് ജൈവവൈവിധ്യങ്ങളാൽ സമ്പന്നമായിരുന്നു മഹാദേവപുര സോണിൽ വരുന്ന ഈ തടാകം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തടാകം നാശത്തിന്റെ വക്കിലാണ്. ചത്ത മീനുകളെ നീക്കിയില്ലെങ്കിൽ പ്രദേശത്ത് പകർച്ച വ്യാധികളുണ്ടാകുമോയെന്ന ആശങ്ക നാട്ടുകാർ പ്രകടിപ്പിച്ചു.
ഒരുപാട് ദേശാടന പക്ഷികളെത്തുന്നതാണ് ഈ തടാകത്തിൽ. അഴുകിയ മീനുകളെ തിന്നുന്നത് പക്ഷികൾക്കും ദോഷംചെയ്യുമെന്ന് പ്രദേശവാസികൾ പറഞ്ഞു. ഞായറാഴ്ച രാവിലെ മീനുകൾ ചത്തുപൊങ്ങിയത് സംബന്ധിച്ച് പ്രദേശവാസികൾ പരാതിപ്പെട്ടപ്പോൾ അവയെ മാറ്റാമെന്ന് ബി.ബി.എം.പി. അധികൃതർ അറിയിച്ചിരുന്നതാണ്.
അഴുക്കുചാലുകളിൽ നിന്നുള്ളവെള്ളം ധാരാളം ഈ തടാകത്തിലെത്തുന്നുണ്ട്. അധികൃതരുടെ അവഗണന കാരണമാണ് തടാകംനാശത്തിന്റെ വക്കിലായത്.
അറ്റകുറ്റപ്പണികൾ കൃത്യമായി ചെയ്യാറില്ല. തടാകക്കരയിൽ വേലി കെട്ടാനോ വൃത്തിയായി സൂക്ഷിക്കാനോ തയ്യാറാകുന്നില്ല. കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്തമഴയിൽ തടാകത്തിൽ ജലനിരപ്പ് ഉയർന്നിരുന്നു.
കഴിഞ്ഞവർഷം ബി.ബി.എം.പി. തടാകം നവീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും പാതിവഴിയിൽ നിലച്ചു. കുറച്ചുവർഷം മുൻപ് ഇതിനായി പ്രദേശവാസികൾ സ്വയം മുന്നിട്ടിറങ്ങിയിട്ടുണ്ടായിരുന്നു.
ചത്തുപൊങ്ങിയ മീനുകളെ എത്രയും വേഗം വെള്ളത്തിൽനിന്ന് നീക്കി തടാകം വൃത്തിയാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.