ബെംഗളൂരു : ബെലഗാവി തഹസിൽദാരുടെ ചേംബറിൽ ജീവനക്കാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ രുദ്രണ്ണ യാദവന്നാവർ (35) ആണ് മരിച്ചത്.
ബെലഗാവി റിസാൽദർ ഗല്ലിയിലെ തഹസിൽദാർ ഓഫീസിലാണ് സംഭവം. സ്ഥലംമാറ്റം ലഭിച്ച ദിവസമാണ് രുദ്രണ്ണ ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു.
തഹസിൽദാർ ബസവരാജ് നഗരാൾ, അശോക് കബ്ബാലിഗർ, സോമു എന്നിവരാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് ആരോപിച്ച് ഓഫീസ് ജീവനക്കാരുടെ സാമൂഹികമാധ്യമഗ്രൂപ്പിൽ ആത്മഹത്യക്കുറിപ്പ് പോസ്റ്റ്ചെയ്തിരുന്നു. ഇതിലൊരാൾ മന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിയാണെന്ന് സൂചനയുണ്ട്.
തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് ജീവനൊടുക്കാൻപോവുകയാണെന്ന കുറിപ്പ് പോസ്റ്റ്ചെയ്തത്. ചൊവ്വാഴ്ച രാവിലെ ഓഫീസിലെ ശുചീകരണജീവനക്കാരാണ് മൃതദേഹം കണ്ടത്.
ഓഫീസിൽ ഒട്ടേറെ അനീതി നടക്കുന്നുണ്ടെന്നും ഇതിനെതിരേ ജീവനക്കാരെല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്നും കുറിപ്പിൽ പറഞ്ഞു.
രുദ്രണ്ണയെ സൗന്ദട്ടിയിലേക്കായിരുന്നു സ്ഥലംമാറ്റിയത്. ഇത് ഒഴിവാക്കാൻ മകൻ ശ്രമിച്ചുവരുകയായിരുന്നുവെന്നും ഇതിനായി ആർക്കോ രണ്ടുലക്ഷം രൂപ കൈക്കൂലി നൽകിയിരുന്നുവെന്നും അമ്മ മല്ലവ്വ പറഞ്ഞു.
തിങ്കളാഴ്ച രാത്രി ഭക്ഷണംകഴിക്കുന്നതിനിടെ മകന്റെ ഫോണിലേക്ക് കോൾവന്നെന്നും ഉടൻതന്നെ നടക്കാനിറങ്ങുകയാണെന്ന് പറഞ്ഞ് പുറത്തേക്കുപോയതായും അമ്മ പറഞ്ഞു.
വില്ലേജ് അക്കൗണ്ടന്റായ ഭാര്യ ഗിരിജ മൃതദേഹം കണ്ട് ബോധംകെട്ടുവീണു. ജീവനക്കാരന്റെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനുശേഷമേ മരണകാരണം അറിയാനാകൂവെന്ന് ഡി.സി.പി. രോഹൻ ജഗദീഷ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.