കാസറഗോഡ്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ 154 പേര്‍ക്ക് പരുക്ക്.
പൊള്ളലേറ്റവരില്‍ 10 പേരുടെ നില ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു.
ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ തെയ്യം കാണാൻ കൂടിനിന്നിരുന്നു.
ഇവർക്കെല്ലാം പൊള്ളലേറ്റു. വലിയ തീഗോളംപോലെ പടക്കശേഖരം പൊട്ടിത്തെറിക്കുകയായിരുന്നു. പലർക്കും മുഖത്തും കൈകൾക്കുമാണ് പൊള്ളലേറ്റത്.
ജില്ലാ ആശുപത്രിയിൽ കഴിയുന്ന 33 പേരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഐശാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 19 പേരിൽ മൂന്നുപേരുടേയും അരിമല ആശുപത്രിയിൽ പ്രവേശിപ്പിച്ച 12-ൽ രണ്ട് പേരുടേയും നില ഗുരുതരമാണ്.
വെടിക്കെട്ടുപുരയ്ക്ക് സമീപം നിന്നിരുന്നവര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്. സഞ്ജീവനി ആശുപത്രിയിൽ 40 പേരെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നീലേശ്വരം താലൂക്ക് ആശുപത്രിയിലുള്ള 11 പേരിൽ രണ്ടുപേരുടേയും നില ഗുരുതരമാണ്.
കണ്ണൂർ മിംസിൽ അഞ്ചുപേരും കെ.എ.എച്ച് ആശുപത്രിയിൽ 11 പേരുമാണുള്ളത്. ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർ രാത്രി തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. രാത്രി പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്.
അപകടത്തിന്റെ വ്യാപ്തി ഇനിയും വ്യക്തമായി വരുന്നതേയുള്ളൂ. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്ര പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ വകുപ്പുകൾ പിന്നീട് ഉൾപ്പെടുത്തുമെന്നാണ് പോലീസ് അറിയിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.