കൃത്രിമ കാലിൽ കരുത്തുകാട്ടി ശാലിനി 

ബെംഗളൂരു: ഉള്‍ക്കരുത്തും പോരാടാനുള്ള മനസ്സും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ വിജയം വഴിയേ വരുമെന്നത് കാണിച്ചുതരുകയാണ് ശാലിനി സരസ്വതിയെന്ന ഈ നാല്‍പ്പത്തിയഞ്ചുകാരി.

അപൂർവരോഗം വന്ന് കൈകാലുകള്‍ നഷ്ടമായിട്ടും കൃത്രിമക്കാലില്‍(ബ്ലേഡ്) ഓടി പുതിയസമയം കുറിക്കുന്ന ഈ കൊല്ലം സ്വദേശിനി ഇപ്പോള്‍ 2026-ല്‍ ജപ്പാനില്‍ നടക്കുന്ന ഏഷ്യൻ പാരാഗെയിംസില്‍ 100 മീറ്റർ ഓട്ടത്തിലും കരുത്തുകാട്ടാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്.

2012-ലെ രോഗബാധയാണ് ബെംഗളൂരുവിലെ പ്രമുഖ കമ്ബനി ബയോണിക്സ് ഇന്ത്യയുടെ ചീഫ് സ്ട്രാറ്റജി ഓഫീസറായ ശാലിനിയുടെ ജീവിതം മാറ്റിമറിച്ചത്. നാലാം വിവാഹവാർഷികത്തില്‍ ഭർത്താവ് പ്രശാന്ത് ചൗദപ്പയുമൊത്ത് കംബോഡിയയില്‍ യാത്രകഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ അണുബാധയുടെ രൂപത്തിലായിരുന്നു തുടക്കം. അപൂർവമായ റിക്കെറ്റ്സിയല്‍ ബാക്ടീരിയ കൈകാലുകളെ ബാധിച്ചു. ദിവസങ്ങളോളം അബോധാവസ്ഥയില്‍. രോഗം മാറാത്തതിനെത്തുടർന്ന് കൈകാലുകള്‍ മുറിച്ചുമാറ്റി. ഇതിനിടെ അവർക്ക് ഗർഭസ്ഥശിശുവിനെയും നഷ്ടമായി.

സന്തോഷകരമായ ജീവിതത്തിനിടെ നേരിട്ട തിരിച്ചടിയില്‍ തളർന്നിരിക്കാൻ പക്ഷേ, ബഹുരാഷ്ട്രകമ്ബനിയിലെ ഡെപ്യൂട്ടി ജനറല്‍ മാനേജരായിരുന്ന അവർ ഒരുക്കമായിരുന്നില്ല. കൃത്രിമക്കാലുകളില്‍ എഴുന്നേറ്റുനിന്ന് ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളായി പിന്നീട്. ആദ്യം മെല്ലെ നടക്കാനും പിന്നെ ഓടാനും പഠിച്ചു. ചിട്ടയോടെയുള്ള പരിശീലനം അവരെ ഓട്ടക്കാരിയാക്കി. 2016-ല്‍ ബെംഗളൂരുവില്‍നടന്ന ടി.സി.എസ്. മാരത്തണിലായിരുന്നു ആദ്യം പങ്കെടുത്തത്. പത്തുകിലോമീറ്റർ ഓടി ഏവരെയും അമ്ബരപ്പിച്ചു. അങ്ങനെ കായികപാരമ്ബര്യമില്ലാത്ത കുടുംബത്തില്‍നിന്നുള്ള ശാലിനി കായികതാരമായി.

പിന്നീട് ദുബായില്‍ ഉള്‍പ്പെടെ വിവിധ മത്സരങ്ങളില്‍ ആത്മവിശ്വാസത്തോടെ പങ്കെടുത്തു. കഴിഞ്ഞവർഷം ഷാർജയില്‍നടന്ന രാജ്യാന്തര ഓപ്പണ്‍ അത്ലറ്റിക് മീറ്റില്‍ വനിതകളുടെ പ്രത്യേകവിഭാഗത്തില്‍ നൂറുമീറ്റർ ഓട്ടത്തില്‍ ഏഷ്യൻ റെക്കോഡോടെ വിജയിയായി. ടി.62 വിഭാഗത്തില്‍ ഏറ്റവുംകുറഞ്ഞ സമയത്തിലാണ് (18.04 സെക്കൻഡ്) ഓടിയെത്തിയത്. കഴിഞ്ഞവർഷം ചൈനയില്‍നടന്ന ഏഷ്യൻ പാരാഗെയിംസിലും സാന്നിധ്യമറിയിച്ചു. പരിചയപ്പെടുന്നവർക്ക് പ്രചോദനത്തിന്റെ ഊർജമാണ് ഇന്നവർ. ബഹുരാഷ്ട്രകമ്ബനികളിലുള്‍പ്പെടെ പ്രചോദന ക്ലാസുകളും നയിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us