നിക്ഷേപങ്ങൾ തിരികെ ലഭിച്ചില്ല ; രണ്ട് പൊതുമേഖലാ ബാങ്കുകളിലെ നിക്ഷേപങ്ങൾ പിൻവലിക്കാൻ നിർദേശം

FRAUD

ബെംഗളൂരു : നിക്ഷേപങ്ങൾ തിരികെ ലഭിക്കാത്തതിനാൽ രണ്ട് പൊതുമേഖലാ ബാങ്കുകളിലെ നിക്ഷേപങ്ങൾ പിൻവലിക്കാനും ഇടപാടുകൾ നിർത്തിവെക്കാനും വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി കർണാടക സർക്കാർ. വിവിധവകുപ്പുകൾ, പൊതുമേഖലാസ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, തദ്ദേശസ്ഥാപനങ്ങൾ, സർവകലാശാലകൾ തുടങ്ങിയവയ്ക്കാണ് നിർദേശം.

രണ്ടു ബാങ്കുകളിലുമുള്ള അക്കൗണ്ടുകൾ റദ്ദാക്കി സെപ്റ്റംബർ 20-നകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ധനവകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു.

കർണാടക ഇൻഡസ്ട്രിയൽ ഏരിയാ ഡിവലപ്മെന്റ് ബോർഡ് (കെ.ഐ.എ.ഡി.ബി.), സംസ്ഥാന മലിനീകരണനിയന്ത്രണബോർഡ് (കെ.എസ്.പി.സി.ബി.) എന്നിവയുടെ സ്ഥിരനിക്ഷേപം തിരികെ കിട്ടാത്തതിനാലും ദുരുപയോഗം ചെയ്തതിനാലുമാണ് സർക്കാർനടപടി.

കെ.ഐ.എ.ഡി.ബി. 2011 സെപ്റ്റംബർ 14-ന് ഒരു ബാങ്കിന്റെ രാജാജിനഗർ ശാഖയിൽ 25 കോടിരൂപ സ്ഥിരനിക്ഷേപം നടത്തിയിരുന്നു.

കാലാവധി കഴിഞ്ഞിട്ടും മുഴുവൻതുക തിരികെ ലഭിച്ചില്ലെന്നും ബാക്കിയുള്ള 12 കോടിരൂപ തിരികെവാങ്ങിക്കാനുള്ള ശ്രമം വിജയിച്ചില്ലെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കി.

മലിനീകരണ നിയന്ത്രണബോർഡ് മറ്റൊരു ബാങ്കിൽനിക്ഷേപിച്ച 10 കോടിയുടെ സ്ഥിരനിക്ഷേപം വ്യാജ രേഖകളുപയോഗിച്ച് സ്വകാര്യകമ്പനിയുടെ വായ്പ തീർപ്പാക്കാൻ ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു.

ബാങ്ക് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ച വിജയിച്ചില്ലെന്നും വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണെന്നും സർക്കാർ ഉത്തരവിൽ പറഞ്ഞു.

കർണാടക മഹർഷി വാല്മീകി പട്ടികവർഗ വികസനകോർപ്പറേഷൻ ലിമിറ്റഡിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും സർക്കാരും കൊമ്പുകോർക്കുന്നതിനിടെയാണ് സർക്കാർ നിർദേശം വന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us