ബെംഗളൂരു ‘വിഭജിക്കുന്നു’; ബി.ബി.എം.പി. വിഭജനം: ബില്ലിന് അനുമതി

ബെംഗളൂരു: തലസ്ഥാന നഗരമായ ബെംഗളൂരുവിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ പുനസംഘടിപ്പിക്കാൻ ബില്ലുമായി കർണാടക സർക്കാർ.

ബെംഗളൂരുവിലെ ബ്രഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) യുടെ പുനസംഘടന ലക്ഷ്യമിട്ട് സർക്കാർ കൊണ്ടുവരുന്ന ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബിൽ 2024ന് സംസ്ഥാന കാബിനെറ്റ് തിങ്കളാഴ്ച അംഗീകാരം നൽകി.

ബിബിഎംപി 10 കോർപറേഷൻ വരെയാക്കി വിഭജിക്കുന്നതാണ് പ്രസ്തുത ബിൽ. ഇതോടെ ബെംഗളൂരുവിലെ വാർഡുകളുടെ എണ്ണം 400ലേക്ക് ഉയരും.

നിലവിൽ 225 വാർഡുകളാണ് ബിബിഎംപിക്ക് കീഴിലുള്ളത്.

ബില്ലിന് സംസ്ഥാന ക്യാബിനെറ്റ് അംഗീകാരം നൽകിയതോടെ ചൊവ്വാഴ്ച ആരംഭിച്ച നിയമസഭയുടെ മൺസൂൺ സമ്മേളനത്തിൽ സർക്കാർ ഇത് അവതരിപ്പിക്കും.

മുൻ ചീഫ് സെക്രട്ടറി ബിഎസ് പാട്ടീൽ അധ്യക്ഷനായ നാലംഗ സമിതി തയ്യാറാക്കിയ കരടുരേഖയിലെ നിർദേശങ്ങളടക്കം ഉൾക്കൊണ്ടാണ് ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബിൽ 2024 തയ്യാറാക്കിയത്.

ബെംഗളൂരുവിൻ്റെ ഭരണപരമായ കാര്യക്ഷമത വർധിപ്പിക്കുകയാണ് ബില്ലിൻ്റെ ലക്ഷ്യം.

ബെംഗളൂരു വികസനത്തിന്റെ ഏകോപനം, മേൽനോട്ടം എന്നിവയ്ക്കായി ഗേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) എന്ന സ്ഥാപനം രൂപീകരിക്കുമെന്ന് ബില്ലിൽ പറയുന്നു.

ഇതുകൂടാതെ, ഒന്നിലധികം കോർപറേഷനുകൾ രൂപീകരിക്കുമെന്നും ബില്ലിലുണ്ട്. ഇത് കാര്യക്ഷമമായ ഭരണം ഉറപ്പാക്കുമെന്നാണ് പ്രതീക്ഷ.

ബില്ല് പ്രകാരം, നഗരത്തിലെ താഴെത്തട്ടിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ചുമതല വാർഡ് കമ്മിറ്റികൾക്കാണ്.

ഇതിന് മുകളിലാണ് ഗേറ്റർ ബെംഗളൂരു അതോറിറ്റിയുടെ മേൽനോട്ടത്തിൽ കോർപറേഷനുകളുടെ പ്രവർത്തനം നടക്കുക.

മുഖ്യമന്ത്രി, ബെംഗളൂരു വികസന മന്ത്രി എന്നിവരുടെ നേതൃത്വത്തിലാകും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
നേരത്തെ സിദ്ധരാമയ്യയുടെ കാലയളവിൽ ബിബിഎംപിയെ മൂന്നായി വിഭജിക്കാനുള്ള നീക്കം നടന്നിരുന്നു.

എന്നാൽ നിയമസഭാ കൗൺസിലിൻ്റെ പിന്തുണ ലഭിക്കാതെ വന്നതോടെ നീക്കം പരാജയപ്പെട്ടു. അതേസയം ഒരൊറ്റ കോർപ്പറേഷനു കീഴിൽ ബെംഗളൂരുവിൻ്റെ പ്രവ‍ർത്തനം നടത്താനുള്ള തീരുമാനവുമായാണ് മുൻപത്തെ ബിജെപി സർക്കാർ മുന്നോട്ടുപോയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us