ബെംഗളൂരു : ദിവസം 14 മണിക്കൂർവരെ ജോലിസമയം വർധിപ്പിക്കാനുള്ള കർണാടക സർക്കാർ നീക്കത്തിനെതിരേ തെരുവിലിറങ്ങി ഐ.ടി. ജീവനക്കാർ. തിങ്കളാഴ്ച ബെംഗളൂരുവിലെ 29 ഐ.ടി. സ്ഥാപനങ്ങളുടെ കവാടത്തിനുമുൻപിൽ സമരപ്രചാരണയോഗങ്ങൾ നടത്തി. ചിലസ്ഥലങ്ങളിൽ പ്രകടനവുമുണ്ടായി.
കർണാടക സ്റ്റേറ്റ് ഐ.ടി., ഐ.ടി.ഇ.എസ്. എംപ്ലോയീസ് യൂണിയന്റെ (കെ.ഐ.ടി.യു.) നേതൃത്വത്തിലായിരുന്നു സമരം. സർക്കാർ നീക്കത്തിനെതിരേ ഐ.ടി. ജീവനക്കാരുടെ യോജിച്ചുള്ള സമരത്തിനുള്ള ഒരുക്കമാണ് നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
അതേസമയം കനത്ത മഴയും ഗതാഗത കുരുക്കും പ്രതിബദ്ധതയോടെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ (വർക്ക് ഫ്രം ഹോം) അനുമതി തേടി ഐ ടി കമ്പനി ജീവനക്കാർ . ചില കമ്പനികൾ അനുമതി നൽകുകയും ചെയ്തു. മറ്റ് ചില കമ്പനികൾ ഇത് ഗൗരവമായി പരിഗണിക്കുകയും ചെയുന്നുണ്ട്.
അതേസമയം നിലവിലുള്ള ഒൻപതുമണിക്കൂർ ജോലിസമയം 12 മണിക്കൂറിലേക്കുയർത്താനാണ് സർക്കാർ നീക്കംനടത്തുന്നത്. ഇതിനുപുറമേ രണ്ടുമണിക്കൂർ ഓവർ ടൈം ജോലിചെയ്യിക്കാനും കമ്പനിയുടമകൾക്ക് അവസരംനൽകുന്നരീതിയിലാണ് പുതിയബില്ലിന്റെ കരടുനിർദേശം സർക്കാരിന്റെ പരിഗണനയിലുള്ളത്. ഐ.ടി. കമ്പനിയുടമകളുടെ താത്പര്യത്തിനാണ് സർക്കാർ നിയമനിർമാണത്തിനൊരുങ്ങുന്നതെന്ന് ജീവനക്കാർ കുറ്റപ്പെടുത്തുന്നു.
ഐ.ടി. ജീവനക്കാരുടെ ജോലിസമയം കൂട്ടാനായി വ്യവസായികൾചെലുത്തുന്ന സമ്മർദത്തിലാണ് സർക്കാരെന്ന് തുറന്നുപറഞ്ഞ് തൊഴിൽമന്ത്രി സന്തോഷ് ലാഡ്. പക്ഷേ, സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നും കാര്യങ്ങൾ വിലയിരുത്തിവരുന്നതേയുള്ളൂവെന്നും പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.