ബെംഗളൂരു : കർണാടക മഹർഷി വാൽമീകി എസ്.ടി. വികസന കോർപ്പറേഷനിലെ ഫണ്ട് തിരിമറിക്കേസും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്ക് മൈസൂരു അർബൻ വികസന അതോറിറ്റി (മുഡ) നടത്തിയ വിവാദ ഭൂമികൈമാറ്റവുമുൾപ്പെടെ ഒട്ടേറെ വിഷയങ്ങളാൽ ബഹളമയമാകും തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭയുടെ മൺസൂൺ സമ്മേളനത്തിൽ .
വിവാദവിഷയങ്ങളിൽ സർക്കാരിനെ കടന്നാക്രമിക്കാനാണ് ബി.ജെ.പി. ലക്ഷ്യമിട്ടിരിക്കുന്നത്. വിവിധവിഷയങ്ങളുടെ പശ്ചാത്തലത്തിൽ ബി.ജെ.പി.യും ജെ.ഡി.എസും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജിയാവശ്യപ്പെട്ടുവരുകയാണ്.
സഭയിൽ രാജിയാവശ്യമുന്നയിച്ച് പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.തമിഴ്‌നാടുമായി കാവേരി വെള്ളംപങ്കിടുന്ന വിഷയവും ഏറ്റവുമൊടുവിൽവന്ന വഖഫ് ബോർഡിലെ ഫണ്ട് തിരിമറി ആരോപണവും സമ്മേളനത്തിൽ പ്രതിപക്ഷം ഉന്നയിക്കാൻ സാധ്യതയുണ്ട്.
മുൻ സിദ്ധരാമയ്യ സർക്കാരിന്റെ കാലത്താണ് വഖഫ് ബോർഡിലെ ഫണ്ട് തിരിമറിനടന്നത്. കർണാടക കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഭേദഗതി ബിൽ 2024, കർണാടക സൗഹാർദ സഹകാരി ഭേദഗതി ബിൽ 2024 എന്നിവ പാസാക്കാനുള്ള സാധ്യതയുമുണ്ട്.
അതിനിടെ നിയമസഭാസമ്മേളനത്തിന് ഒരുക്കങ്ങളോടെ വരാൻ മന്ത്രിമാർക്കും മുതിർന്നഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശംനൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.