ബെംഗളൂരു : ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് 27-കാരൻ മരിച്ചു. സി.വി. രാമൻ നഗർ സ്വദേശിയെ പനിയെത്തുടർന്ന് ജൂൺ 25-നാണ് മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഡെങ്കിപ്പനി തീവ്രമായതിനെത്തുടർന്ന് 27-നാണ് മരണം സംഭവിച്ചതെന്ന് ബെംഗളൂരു കോർപ്പറേഷൻ (ബി.ബി.എം.പി.) ചീഫ് ഹെൽത്ത് ഓഫീസർ ഡോ. സയിദ് സിറാജുദ്ദീൻ മദ്‌നി പറഞ്ഞു.
ഈവർഷം ബെംഗളൂരുവിലെ ആദ്യത്തെ ഡെങ്കിപ്പനിമരണമാണിത്. സംസ്ഥാനത്തെ ആറാമത്തേതും.
ഹാസൻ, ശിവമോഗ, ധാർവാഡ്, ഹാവേരി എന്നീ ജില്ലകളിലായി നേരത്തേ അഞ്ചുപേർ മരിച്ചിരുന്നു. അതിനിടെ കഴിഞ്ഞദിവസം രോഗലക്ഷണങ്ങളോടെ ബെംഗളൂരുവിൽ മരിച്ച രണ്ടുപേരിൽ ഒരാളുടെ മരണകാരണം ഡെങ്കിപ്പനിയല്ലെന്നു സ്ഥിരീകരിച്ചു.
അർബുദബാധിതയായ 80-കാരിയുടെ മരണമാണ് ഡെങ്കിപ്പനികാരണമല്ലെന്നു സ്ഥിരീകരിച്ചത്. മറ്റൊരാളുടെ പരിശോധനാഫലം പുറത്തുവന്നില്ല. ബെംഗളൂരുവിൽ ഈവർഷം ജൂൺ 28 വരെ 1,530 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
ബെംഗളൂരുവിൽ ഡെങ്കിപ്പനിബാധിതരുടെ എണ്ണം കൂടിവരുന്നതിനിടെ യുവാവ് മരിച്ചത് ആശങ്കയുണർത്തുന്നു.
ഓരോദിവസവും ഒട്ടേറെയാളുകളാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തുന്നത്.
സംസ്ഥാനത്ത് അയ്യായിരത്തിലേറെ ആളുകൾക്കാണ് ഡെങ്കിപ്പനി ബാധിച്ചിട്ടുള്ളത്. ഇത്തവണ ബെംഗളൂരുവിലാണ് കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്.
ബി.ബി.എം.പി. ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥിനും കഴിഞ്ഞദിവസം ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ രോഗം നിയന്ത്രിക്കാൻ ആവശ്യമായ എല്ലാനടപടികളും ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വീടുകളിലെത്തി സർവേ നടത്താനും ജനങ്ങളെ ബോധവത്കരിക്കാനും ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
ചിക്കമഗളൂരു, മൈസൂരു, ഹാവേരി, ശിവമോഗ, ചിത്രദുർഗ, ദക്ഷിണ കന്നഡ ജില്ലകളിലും ഒട്ടേറെപ്പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.