ബെംഗളൂരു: നടി തമന്ന ഭാട്ടിയയെക്കുറിച്ചുള്ള പാഠപുസ്‌തത്തിൽ ഉള്‍പ്പെടുത്തിയതിന് സ്വകാര്യ സ്കൂളിനെതിരെ പരാതി.
ഹെബ്ബാളിലുള്ള സിന്ധി ഹൈസ്‌കൂളിനെതിരെയാണ് രക്ഷിതാക്കളുടെ സംഘടന പരാതി നല്‍കിയിരിക്കുന്നത്.
നടിയെക്കുറിച്ച് ഇന്റർനെറ്റില്‍ പരതിയാല്‍ കുട്ടികള്‍ക്ക് അനുചിതമായ കണ്ടന്റുകള്‍ ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
ഏഴാം ക്ലാസിലെ പുസ്തകത്തില്‍ സിന്ധ് വിഭാഗത്തെക്കുറിച്ചുള്ള പാഠഭാഗത്താണ് തമന്നയെ കുറിച്ച് പരാമർശമുള്ളത്.
സിന്ധികളായ പ്രമുഖരെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന ഭാഗമാണിത്.
ബോളിവുഡ് താരം രണ്‍വീർ സിങ് ഉള്‍പ്പടെയുള്ളവരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
തമന്നയുടെ ജീവിതവും കരിയറും ഉള്‍പ്പെടുത്തിയാണ് കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
എന്നാല്‍ തമന്നയെ കുറിച്ചുള്ളതൊന്നും ഏഴാം ക്ലാസ്സിലെ കുട്ടികള്‍ക്ക് പഠിക്കാൻ അനുയോജ്യമല്ലെന്നാണ് രക്ഷിതാക്കളുടെ കണ്ടെത്തല്‍.
സിന്ധ് വിഭാഗത്തിലെ പ്രമുഖരെ കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിന് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ തമന്നയെ പാഠഭാഗത്ത് ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നുമാണ് ഇവർ പറയുന്നത്.
പാഠഭാഗത്ത് തമന്നയെ കാണുന്ന കുട്ടികള്‍ അവരെക്കുറിച്ച് ഇന്റർനെറ്റില്‍ തിരഞ്ഞാല്‍ അനുയോജ്യമല്ലാത്ത കണ്ടന്റുകള്‍ ലഭിക്കുമെന്നും ഇവർ കൂട്ടിച്ചേർക്കുന്നു.
സംഭവത്തില്‍ ശിശുക്ഷേമ വകുപ്പിനും പ്രൈമറി,സെക്കൻഡറി സ്‌കൂള്‍ അസോസിയേഷനുമാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.
രക്ഷിതാക്കളുടെ നീക്കത്തിനെതിരെ വലിയ രീതിയില്‍ വിമർശനങ്ങളും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.