വിലക്കയറ്റ ഭീഷണിയിൽ സംസ്ഥാനം; പൊറുതിമുട്ടിനിൽക്കുന്ന ജനത്തിന് ഇരുട്ടടി

ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചതോടെ വിവിധ മേഖലകളിൽ വിലക്കയറ്റഭീഷണി.

ഗതാഗതത്തിനും അവശ്യസാധനങ്ങൾക്കും ചെലവേറാനുള്ള സാധ്യത കൂടിയിരിക്കുകയാണ്. ടിക്കറ്റുനിരക്ക് വർധിപ്പിക്കാനുള്ള കർണാടക ആർ.ടി.സി.യുടെ നീക്കത്തിന് ഇന്ധനവിലവർധന ബലം പകരും.

നാലുവർഷത്തിനുശേഷം ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ തയ്യാറെടുത്തു വരികയായിരുന്നു കർണാടക ആർ.ടി.സി. ഡീസലിന് വില വർധിപ്പിച്ചതിനാൽ ടിക്കറ്റ് നിരക്ക് ഉടൻ വർധിപ്പിക്കാനാണ് സാധ്യത.

നിരക്കുവർധനയ്ക്കുള്ള കോർപ്പറേഷന്റെ നിർദേശം സർക്കാരിന്റെ പരിഗണനയിലാണിപ്പോൾ. ടിക്കറ്റ് നിരക്കിൽ 25 മുതൽ 30 ശതമാനംവരെ വർധനയാണ് കർണാടക ആർ.ടി.സി. ലക്ഷ്യമിടുന്നത്. 2020-ലാണ് ഇതിനുമുൻപ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്.

ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്വകാര്യബസുകളും ഓട്ടോറിക്ഷകളും ടാക്സികാറുകളും വരുംദിവസങ്ങളിൽ നിരക്ക് വർധിപ്പിക്കാനുള്ള നീക്കം നടത്താൻ സാധ്യതയുണ്ട്. ഇതുകൂടാതെ വിവിധ മേഖലകളിൽ അവശ്യസാധനങ്ങൾക്കുൾപ്പെടെ വില വർധിച്ചേക്കും.

വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിനിൽക്കുന്ന ജനത്തിന് ഇരുട്ടടിയായി മാറിയിരിക്കുകയാണ് ഇന്ധന വിലക്കയറ്റം.

പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച തീരുമാനം ഉടൻ പിൻവലിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ഇന്ധനവില വർധനയ്ക്കെതിരേ യുവമോർച്ചയുടെ നേതൃത്വത്തിൽ ഞായറാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു.

ന്യായീകരിച്ച് കോൺഗ്രസ്

: ഇന്ധനവില വർധനയ്ക്കെതിരേ പ്രതിപക്ഷം പ്രതിഷേധം ഉയർത്തുമ്പോൾ വിലവർധനയെ ന്യായീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും മറ്റു കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകത്തിൽ ഇന്ധനവില കുറവാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.

സംസ്ഥാനത്തെ വിവിധ വികസന പ്രവർത്തനങ്ങൾക്കും ഗാരന്റി പദ്ധതികൾക്കുള്ള ഫണ്ടിനുംവേണ്ടിയാണ് ഇന്ധനവില വർധിപ്പിച്ചതെന്ന് വാണിജ്യ വ്യവസായ മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ധനവില വർധിപ്പിച്ചെങ്കിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെന്നും മന്ത്രി പറഞ്ഞു. പെട്രോളിന് മൂന്നുരൂപയും ഡീസലിന് 3.5 രൂപയുമാണ് ശനിയാഴ്ച വർധിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us