സ്ഥിരനിക്ഷേപമായി നൽകിയ 40 ലക്ഷം രൂപ സുമലതയ്ക്ക് തിരികെക്കൊടുക്കാൻ കർണാടക സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ എച്ച്.ഡി.എഫ്.സി. ലൈഫിന് നിർദേശം

ബെംഗളൂരു : നടിയും മുൻ എം.പി.യുമായ സുമലത സ്ഥിരനിക്ഷേപമായി നൽകിയ 40 ലക്ഷം രൂപ തിരികെക്കൊടുക്കാൻ കർണാടക സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ എച്ച്.ഡി.എഫ്.സി. ലൈഫിന് നിർദേശം നൽകി.

2017 മുതൽ 7.5 ശതമാനം പലിശനൽകണമെന്നും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും നിയമനടപടികൾക്കുള്ള ചെലവിനത്തിൽ 25,000 രൂപ നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

നിക്ഷേപിച്ചപണം ഇൻഷുറൻസ് പോളിസിയിലേക്ക് മാറ്റിയെന്നും തിരികെനൽകുന്നില്ലെന്നും ചൂണ്ടിക്കാട്ടി 2017-ൽ സുമലത നൽകിയ പരാതിയിലാണ് കമ്മിഷൻ അംഗങ്ങളായ രവിശങ്കർ, സുനിത ചന്നബസപ്പ ബാഗേവാടി എന്നിവർ ഉത്തരവിട്ടത്.

എച്ച്.ഡി.എഫ്.സി. ലൈഫിന്റെ ഏജന്റായിരുന്ന വിശാലാക്ഷി ഭട്ട് ഒമ്പതുശതമാനം പലിശ വാഗ്ദാനം ചെയ്ത് സുമലതയെക്കൊണ്ട് 40 ലക്ഷം രൂപ നിക്ഷേപം നടത്തിക്കുകയായിരുന്നുവെന്ന് എച്ച്.ഡി.എഫ്.സി. ലൈഫ് സമർപ്പിച്ച സത്യവാങ്മൂലത്തിൽനിന്ന് മനസ്സിലായെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി.

തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകിയതുമൂലം സുമലതയ്ക്ക് സാമ്പത്തികനഷ്ടം വന്നതായി കമ്മിഷൻ പറഞ്ഞു. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് നിക്ഷേപം നടത്തിച്ചിട്ടുണ്ടെങ്കിൽ നിയമനടപടി നേരിടാൻ സ്ഥാപനം ബാധ്യസ്ഥരാണെന്നും മുഴുവൻ പണവും തിരികെനൽകണമെന്നും കമ്മിഷൻ വ്യക്തമാക്കി. വിശാലാക്ഷിക്കെതിരേ എച്ച്.ഡി.എഫ്.സി. ലൈഫ് ക്രിമിനൽ നടപടികൾ ആരംഭിച്ചിരുന്നു.

2015-ലാണ് സുമലത പണം നിക്ഷേപിച്ചത്. 2016 നവംബറോടെ പലിശയടക്കം തിരികെലഭിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ, പിന്നീട് സുമലത എച്ച്.ഡി.എഫ്.സി. ലൈഫ് ഓഫീസിലെത്തിയപ്പോഴാണ് വിശാലാക്ഷി തെറ്റിദ്ധരിപ്പിച്ചതാണെന്നും സ്ഥിരനിക്ഷേപത്തിന് പകരം പെൻഷൻ പോളിസിയിലാണ് നിക്ഷേപിച്ചതെന്നും മനസ്സിലായത്.

തുടർന്ന് 2015 നവംബറിലും 2016 ജനുവരിയിലും സുമലത നിക്ഷേപം പലിശയടക്കം തിരികെ നൽകണമെന്നാവശ്യപ്പെട്ട് സ്ഥാപനത്തിന് കത്തെഴുതി. ലീഗൽ നോട്ടീസയച്ചിട്ടും പണം ലഭിക്കാത്തതിനെത്തുടർന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു.

പരാതിക്കാരി വിദ്യാസമ്പന്നയാണെന്നും നിക്ഷേപം നടത്തുന്നതിനായി രേഖകളിൽ ഒപ്പുവെച്ചപ്പോൾ ഇൻഷുറൻസ് പോളിസിയാണെന്നും നിക്ഷേപ പദ്ധതിയല്ലെന്നും തിരിച്ചറിയണമായിരുന്നുവെന്നും എച്ച്.ഡി.എഫ്.സി. ലൈഫ് വാദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us