കോൺഗ്രസിന് വോട്ടുചെയ്യാത്തവരുടെയും ഹൃദയത്തിലും സ്ഥാനം നേടണം; സംസ്ഥാനത്തെ കോൺഗ്രസ് പ്രകടനം വിലയിരുത്തി രാഹുൽഗാന്ധി

ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകത്തിലെ കോൺഗ്രസിന്റെ പ്രകടനം വിലയിരുത്തി രാഹുൽഗാന്ധി.

ബെംഗളൂരുവിലെ കെ.പി.സി.സി. ആസ്ഥാനത്ത് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.പി.മാരുടെയും തോറ്റ സ്ഥാനാർഥികളുടെയും മുതിർന്ന നേതാക്കളുടെയും യോഗത്തിലാണ് തിരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്തിയത്.

കർണാടകത്തിൽ ആകെയുള്ള 28 സീറ്റിൽ ഇത്തവണ ഒമ്പത് സീറ്റിലാണ് കോൺഗ്രസ് വിജയിച്ചത്. കഴിഞ്ഞതവണ ഒരു സീറ്റാണ് ലഭിച്ചത്.

പക്ഷേ, 20 സീറ്റ് നേടണമെന്നാണ് രാഹുൽ ഒരു വർഷംമുമ്പ് സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ അധികാരമേറ്റപ്പോൾ സംസ്ഥാനനേതാക്കളോട് ആവശ്യപ്പെട്ടത്. ആ ലക്ഷ്യം സാക്ഷാത്കരിക്കാൻ സംസ്ഥാനനേതൃത്വത്തിനായില്ല.

കർണാടകത്തോട് കേന്ദ്രസർക്കാർ കാണിക്കുന്ന അനീതികൾക്കും അവണനകൾക്കുമെതിരേ ശബ്ദമുയർത്തണമെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.പി.മാരോട് രാഹുൽഗാന്ധി ആവശ്യപ്പെട്ടു.

പുതിയ ഒമ്പത് എം.പി.മാരെയും രാഹുൽ അഭിനന്ദിച്ചു. ബെംഗളൂരുവും ഡൽഹിയുമായുള്ളതിനേക്കാൾ ബന്ധം അവരവരുടെ മണ്ഡലങ്ങളിലെ ജനങ്ങളുമായുണ്ടാകണമെന്ന് ഓർമിപ്പിച്ചു.

സർക്കാരിന്റെ വികസനപ്രവൃത്തികൾ നടപ്പാക്കുന്നതിൽ സഹായിക്കണമെന്നും പറഞ്ഞു. പരാജയപ്പെട്ടവരെയും പ്രോത്സാഹിപ്പിച്ചു.

കോൺഗ്രസിന് വോട്ടുചെയ്യാത്തവരുടെയും ഹൃദയത്തിൽ സ്ഥാനം നേടണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല എന്നിവരും സംബന്ധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us