സംസ്ഥാനത്തെ 28 മണ്ഡലങ്ങളിൽ ജനമനസ്സ് ഇന്നറിയാം

ബെംഗളൂരു : സംസ്ഥാനത്തെ 28 മണ്ഡലങ്ങളിൽ ജനമനസ്സ് ആർക്കൊപ്പമായിരുന്നു? ‘മോദി ഗാരന്റി’യുമായി പ്രചാരണക്കൊടുങ്കാറ്റഴിച്ചുവിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പമായിരുന്നോ?

സംസ്ഥാന സർക്കാരിന്റെ ജനപ്രിയ വാഗ്ദാനപദ്ധതികൾ നടപ്പാക്കിയത് ചൂണ്ടിക്കാണിച്ച് വോട്ടുതേടിയ കോൺഗ്രസിനൊപ്പമായിരുന്നോ…?

ഒരു മാസത്തോളം നീണ്ടുനിന്ന ആകാംക്ഷയ്ക്ക് ഉത്തരമാകുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നതോടെ ജനങ്ങൾ ചിന്തിച്ചതെങ്ങനെയാണെന്നും അറിയാനാകും. ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് 28 മണ്ഡലങ്ങളിലെയും വോട്ടുകൾ എണ്ണിത്തുടങ്ങും.

രണ്ടുഘട്ടമായി പൂർത്തിയായ തിരഞ്ഞെടുപ്പിന്റെ ഫലത്തിനായാണ് സംസ്ഥാനം കാത്തിരുന്നത്. മേയ് 26-നായിരുന്നു ആദ്യഘട്ടം. ഓൾഡ് മൈസൂരു മേഖലയിലെയും ബെംഗളൂരു മേഖലയിലെയും 14 മണ്ഡലങ്ങൾ അന്ന് ജനവിധി രേഖപ്പെടുത്തി.

തുടർന്ന് പ്രചാരണം വടക്കൻ കർണാടകത്തിൽ പൊടിപാറിച്ചു. ആദ്യഘട്ടം കഴിഞ്ഞ് രണ്ടാംഘട്ടത്തിലെത്തിയപ്പോഴേക്കും പ്രചാരണവിഷയങ്ങളിലും മാറ്റംവന്നു.

ഹാസൻ എം.പി. പ്രജ്ജ്വൽ രേവണ്ണയുടെ ലൈംഗികപീഡനക്കേസ് രണ്ടാംഘട്ടത്തിൽ കോൺഗ്രസ് കത്തിച്ചു. കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയുമെത്തി ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുനേരേ തൊടുത്തുവിട്ടു.

ഇതോടെ ബി.ജെ.പി. സമ്മർദത്തിലായി. കോൺഗ്രസ് സർക്കാരിനെ ആഞ്ഞടിച്ചുകൊണ്ട് മോദിയുടെ പ്രചാരണം കൊടുമ്പിരിക്കൊണ്ടു.

കോൺഗ്രസ് സർക്കാർ പിന്നാക്കവിഭാഗങ്ങളുടെ സംവരണമെടുത്ത് മുസ്‌ലിം വിഭാഗത്തിന് നൽകിയെന്നാരോപിച്ച് ഹിന്ദുവോട്ടുകളുടെ ഏകീകരണത്തിന് മോദി ശ്രമിച്ചു.

വയനാട്ടിൽ രാഹുൽഗാന്ധിയുടെ വിജയത്തിനുവേണ്ടി കോൺഗ്രസ് പോപ്പുലർ ഫ്രണ്ടിന്റെ പിന്തുണതേടിയെന്ന് മോദി ആരോപിച്ചത് കർണാടകത്തിൽനിന്നാണ്. ഇതെല്ലാം വോട്ടർമാരുടെ മനസ്സിൽ എന്തു ചലനങ്ങളുണ്ടാക്കിയെന്ന് ഇന്നറിയാം അറിയാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us