ബെംഗളൂരു : മൈസൂരുവിലെ യാരഗനഹള്ളിയിൽ പാചകവാതകം ചോർന്നതിനെത്തുടർന്ന് മരിച്ചവരുടെ ബന്ധുക്കൾക്ക് 12 ലക്ഷം സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ.
മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ചശേഷമാണ് മുഖ്യമന്ത്രി സഹായധനം പ്രഖ്യാപിച്ചത്. സംഭവത്തിൽ അദ്ദേഹം ദു:ഖം രേഖപ്പെടുത്തി.
കഴിഞ്ഞ ബുധനാഴ്ചയാണ് യാരഗനഹള്ളിയിലെ വീട്ടിൽ കുമാരസ്വാമി (45), ഭാര്യ മഞ്ജുള (39), മക്കളായ അർച്ചന (19), സ്വാതി (17) എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്.
തുടർന്നുനടന്ന പരിശോധനയിൽ പാചകവാതക സിലിൻഡർ ചോർന്നാണ് മരണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
വീടിനോടുചേർന്ന് വസ്ത്രം ഇസ്തിരിയിടുന്ന സ്ഥാപനം നടത്തിവരികയായിരുന്നു കുമാരസ്വാമി.
ഇസ്തിരിപ്പെട്ടി ചൂടാക്കാനാണ് സിലിൻഡറുകൾ വീടിനുള്ളിൽ സൂക്ഷിച്ചിരുന്നത്. നാലുമൃതദേഹങ്ങളും സ്വദേശമായ ചിക്കമഗളൂരുവിലെത്തിച്ച് സംസ്കരിച്ചു.
കുമാരസ്വാമിയുടേയും മഞ്ജുളയുടേയും മാതാപിതാക്കൾക്കാണ് സഹായധനം കൈമാറുകയെന്ന് അധികൃതർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.