സോഷ്യൽമീഡിയയിലൂടെ തനിക്കെതിരെ ഉയരുന്ന ബോഡി ഷെയിമിങ് കമന്റുകൾ തന്നെ വേദനിപ്പിക്കുന്നതായി നടി അന്ന രാജൻ.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത അന്നയുടെ നൃത്ത വിഡിയോയുടെ താഴെ വന്ന കമന്റുകളിൽ പ്രതികരിക്കുകയായിരുന്നു താരം.
വിഡിയോ ഇഷ്ടപ്പെട്ടില്ലെന്ന് വെച്ച് ഇത്തരം കമന്റുകൾ ചെയ്ത് വേദനപ്പിക്കരുതെന്നും തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ് താനെന്നും നടി തുറന്നു പറഞ്ഞു.
ഓട്ടോഇമ്മ്യൂൺ തൈറോയ്ഡ് എന്ന അസുഖമുള്ളതുകൊണ്ട് ശരീരം ചിലപ്പോൾ തടിച്ചും ചിലപ്പോൾ മെലിഞ്ഞും ഇരിക്കുമെന്നും മുഖം വീർക്കുകയും സന്ധികളിൽ നീർവീക്കവും വേദനയും ഉണ്ടാകുമെന്നും അന്ന പറയുന്നു.
അസുഖം ഉണ്ടെന്നു കരുതി ഒന്നും ചെയ്യാതെയിരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തന്റെ വിഡിയോകൾ കാണാൻ താല്പര്യമില്ലാത്തവർ കാണേണ്ടന്നും നടി പറഞ്ഞു.
‘നിങ്ങൾക്ക് എന്നെയോ ഞാൻ പോസ്റ്റ് ചെയ്യുന്ന വിഡിയോകളോ ഇഷ്ടപ്പെടുന്നില്ലെങ്കിൽ അത് പറയാം പക്ഷെ ഇതുപോലെയുള്ള കമന്റ് ഇടുന്നതും ആ കമന്റിന് പലരും ലൈക്ക് ചെയ്യുന്നത് കാണുന്നതും വളരെ വേദനാജനകമാണ്.
ആ നൃത്ത വിഡിയോയിൽ എന്റെ ചലനങ്ങൾക്ക് തടസമാകുന്ന നിരവധി കാര്യങ്ങളുണ്ടായിരുന്നു.
ഞാൻ ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ് രോഗത്തിനെതിരെ പോരാടുന്ന ഒരു വ്യക്തിയാണ്.
ചിലപ്പോൾ എന്റെ ശരീരത്തിന് വീക്കം അനുഭവപ്പെടും അടുത്ത ദിവസം വളരെ മെലിയും, ചിലപ്പോൾ മുഖം വീർക്കുകയും എന്റെ സന്ധികളിൽ നീർവീക്കവും വേദനയും ഉണ്ടാവുകയും ചെയ്യും.
അങ്ങനെ നിരവധി രോഗലക്ഷണങ്ങൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്.
രണ്ടുവർഷമായി ഞാൻ ഇത്തരത്തിൽ ബുദ്ധിമുട്ടുകയാണ്.
എങ്കിലും എന്റെ കഴിവിന്റെ പരമാവധി കാര്യങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.
ഒന്നും ചെയ്യാതെ വീട്ടിൽ ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല കാരണം ഈ ലോകം എന്റേതു കൂടിയാണ്.
നിങ്ങൾക്ക് എന്റെ വിഡിയോകൾ ഇഷ്ടപ്പെടുന്നില്ലെങ്കിൽ അത് കാണാതിരിക്കുക.
ഇത്തരത്തിലുള്ള കമന്റുമായി ദയവായി വരാതിരിക്കുക.
എന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരായ എല്ലാവർക്കും, പ്രത്യേക കരുതലുള്ള അഭിപ്രായങ്ങൾക്കും വളരെ നന്ദി.
എന്റെ വസ്ത്രധാരണം കാരണം എൻ്റെ നൃത്തച്ചുവടുകളിൽ പരിമിതി ഉണ്ടായിരുന്നുവെന്നു മാത്രമല്ല വളരെ ചൂടുള്ള കാലാവസ്ഥയായിരുന്നു.
പക്ഷേ പരിമിതികൾക്കിടയിൽ നിന്നു ശ്രമിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.
ഒരു തടസ്സവുമില്ലാതെ നൃത്തം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.
ഉറപ്പായും അടുത്ത തവണ നിങ്ങളെ നിരാശപ്പെടുത്തില്ല.
എന്റെ പരിമിതികൾ കമന്റു ചെയ്യുന്ന ആരാധകർ മനസിലാക്കുകയും എന്നെ പിന്തുണക്കുന്നത് തുടരുകയും ചെയ്യുമല്ലോയെന്നായിരുന്നു അന്നയുടെ വാക്കുകൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.