ബെംഗളൂരുവിലെ ജലപ്രതിസന്ധി; അവസരം നോക്കി ഇരുന്നത് പോലെ കേരളം ഐ.ടി. കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ചു; മുതലെടുക്കാനുള്ള ശ്രമങ്ങളെന്ന് സംസ്ഥാനം

ബെംഗളൂരു : ജലക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ ഐ.ടി. കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ചതിനെ വിമർശിച്ച് കർണാടക വ്യവസായമന്ത്രി എം.ബി. പാട്ടീൽ.

നിക്ഷേപം ആകർഷിക്കാനുള്ള ശ്രമങ്ങൾ നടത്താൻ കേരളത്തിന് സ്വാതന്ത്ര്യമുണ്ടെങ്കിലും അതിന്റെപേരിലുള്ള വിലകുറഞ്ഞ രാഷ്ട്രീയം ശരിയല്ലെന്ന് പാട്ടീൽ പറഞ്ഞു.

ജലക്ഷാമമുണ്ടെങ്കിലും ബെംഗളൂരുവിൽ ഐ.ടി. കമ്പനികളുള്ള സ്ഥലങ്ങളെ ഇത് കാര്യമായി ബാധിച്ചിട്ടില്ല.

കേരളത്തിൽനിന്നുള്ള ആയിരക്കണക്കിനാളുകൾക്ക് ബെംഗളൂരുവിൽ വിവിധ കമ്പനികൾ ജോലിനൽകിയിട്ടുള്ളകാര്യം കേരളം ഓർക്കണമെന്നും പാട്ടീൽ ആവശ്യപ്പെട്ടു.

ബെംഗളൂരുവിലെ ജലപ്രതിസന്ധി അറിഞ്ഞ് ഐ.ടി. കമ്പനികൾക്ക് എല്ലാസൗകര്യങ്ങളും വെള്ളവും വാഗ്ദാനംചെയ്ത് കത്തെഴുതിയതായി കഴിഞ്ഞദിവസം കേരള വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞിരുന്നു.

44 നദികൾ സംസ്ഥാനത്ത് നല്ല ജലലഭ്യത നൽകുന്നുണ്ടെന്നും പി. രാജീവ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് എം.ബി. പാട്ടീൽ കേരളത്തിന്റെ നിലപാടിനെ വിമർശിച്ച് രംഗത്തെത്തിയത്.

ജലക്ഷാമം നേരിടുന്ന സമയത്ത് ബെംഗളൂരുവിലെ വ്യവസായങ്ങളെ ആകർഷിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങൾ ഫെഡറൽ ഐക്യത്തിന് വിരുദ്ധമാണെന്ന് പാട്ടീൽ വ്യക്തമാക്കി.

ഇത്തരം പ്രവർത്തനങ്ങൾ അന്തഃസംസ്ഥാന സഹകരണത്തിന്റെ അടിത്തറയെ വെല്ലുവിളിക്കുക മാത്രമല്ല പ്രതിസന്ധികളെ ഒന്നിച്ച് നേരിടേണ്ടതിന്റെ പ്രാധാന്യത്തെ അവഗണിക്കുകയും ചെയ്യുന്നു.

ജലദൗർലഭ്യം മുതലെടുക്കാനുള്ള ശ്രമങ്ങൾ രാജ്യത്തിന്റെ ഫെഡറൽ ഘടനയ്ക്ക് ഹാനികരമാണ്.

കേരളമുൾപ്പെടെ രാജ്യത്തിന്റെ പലഭാഗങ്ങളും കടുത്തവരൾച്ച കാരണം ജലക്ഷാമം നേരിടുന്നുണ്ടെന്നും എം.ബി. പാട്ടീൽ ഓർമിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us