ബെംഗളൂരു : വീട്ടിൽ അതിക്രമിച്ചുകയറിയ മൂന്നംഗ സംഘം യുവതിയേയും മക്കളേയും തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്നതായി പരാതി.
ഞായറാഴ്ച വൈകീട്ട് ബാഗലൂരിൽ ആണ് സംഭവം.
10,000 രൂപ, ഒരുലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ, രണ്ടുമൊബൈൽ ഫോണുകൾ എന്നിവയാണ് സംഘം കവർന്നത്.
ഈ സമയത്ത് യുവതിയുടെ ഭർത്താവ് ജോലിയുടെ ഭാഗമായി ചെന്നൈയിലായിരുന്നു.
സംഭവത്തിൽ ബാഗലൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.
വീട്ടുപകരണങ്ങൾ വിൽക്കുന്നയാളെന്ന വ്യജേന ആദ്യം വീട്ടിലെത്തിയയാൾ വീട്ടുകാരുമായി സംസാരിക്കുന്നതിനിടെ മുഖം മൂട്ടിയിട്ട രണ്ടുപേർ കൂടി വീടിനകത്തുകയറി.
തുടർന്ന് ബാഗിൽ നിന്ന് തോക്കെടുത്ത് യുവതിയേയും മക്കളേയും ഭീഷണിപ്പെടുത്തുകയായിരുന്നു.
പിന്നീട് അലമാരയിൽ നിന്ന് 10,000 രൂപയും സ്വർണാഭരണങ്ങളും കവർന്നു.
യുവതിയുടേയും മകന്റേയും കൈവശമുണ്ടായിരുന്ന ഫോണുകളും കൈക്കലാക്കി.
അരമണിക്കൂറോളം വീട്ടിനുള്ളിൽ ചെലവഴിച്ച സംഘം മോഷണത്തിനുശേഷം പുറത്തുനിർത്തിയിരുന്ന ബൈക്കുകളിൽ കയറി രക്ഷപ്പെടുകയായിരുന്നു.
കവർച്ചക്കാർ ഹിന്ദിയാണ് സംസാരിച്ചതെന്നാണ് യുവതിയുടെ മൊഴി.
ദിവസങ്ങളോളം നിരീക്ഷണം നടത്തിയശേഷമാണ് കവർച്ചസംഘം വീട്ടിലെത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രദേശത്തെ ടവർ കേന്ദ്രീകരിച്ചുള്ള ഫോൺവിളികളും പരിശോധിക്കുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.