ബെംഗളൂരു: രാത്രി ഒറ്റക്ക് നടന്നു പോവുകയായിരുന്ന യുവാവിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
നഗരത്തിൽ കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ എം.ജി. ഷെട്ടി കോളജ് റോഡിൽ ഞായറാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ കുളൂർ പഞ്ചിമുഗറു ദനുഷ് ഗ്രൗണ്ട് പരിസരത്ത് താമസിക്കുന്ന ചരൺ രാജ് എന്ന ചരൺ ഉരുണ്ടടിഗുഡ്ഡെ(23), സൂറത്ത്കൽ ഹൊസബെട്ടുവിലെ സുമന്ത് ബർമൻ(24), കൊടിക്കൽ സുങ്കതകട്ട കൽബാവി റോഡിലെ കെ. അവിനാശ്(24) എന്നിവരാണ് അറസ്റ്റിലായത്.
കാവൂർ ശാന്തി നഗറിൽ താമസിക്കുന്ന കെ. ശുഐബാൻ(28) ഞായറാഴ്ച രാത്രി അക്രമത്തിന് ഇരയായത്.
വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന തന്റെ സ്കൂട്ടറിൽ വന്ന സംഘം തടഞ്ഞ് കുപ്പായത്തിന്റെ പിറകിൽ ഒളിപ്പിച്ച വാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്ന് മംഗളൂരു ഗവ. വെന്റ്ലോക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശുഐബ് പോലീസിനോട് പറഞ്ഞു.
കുതറി മാറിയതിനാൽ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഓടുന്നതിനിടെ അക്രമികൾ കല്ലെറിഞ്ഞും പരിക്കേറ്റു.
ചരണിനെതിരെ ഉർവ, പണമ്പൂർ പോലീസ് സ്റ്റേഷനുകളിൽ ഓരോന്നും കാവൂർ സ്റ്റേഷനിൽ മൂന്നും കേസുകളുണ്ട്.
സുമന്ത് പണമ്പൂർ, ബാർകെ സ്റ്റേഷനുകളിൽ ഓരോന്നും കാവൂരിൽ രണ്ടും കേസുകളിൽ പ്രതിയാണ്. ഉർവ സ്റ്റേഷനിൽ നാലും കങ്കനാട്ടിൽ ഒരു കേസും അവിനാശിന് എതിരെയുണ്ട്.
ശുഐബിനെ അപായപ്പെടുത്തി സാമുദായിക സംഘർഷം സൃഷ്ടിക്കാൻ നടത്തിയ അക്രമം എന്ന നിഗമനത്തിൽ എത്തിയ പോലീസ് 24 മണിക്കൂറിനകം പ്രതികളെ പിടികൂടുകയായിരുന്നു.
മംഗളൂരു സിറ്റി പൊലീസ് കമീഷണർ കുൽദീപ് ആർ. ജയിന്റെ നിർദ്ദേശമനുസരിച്ച് അസി. പോലീസ് കമീഷണർ മനോജ് കുമാർ, പോലീസ് കമീഷണർമാരായ അംശുകുമാർ, ദിനേശ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.