ഐഫോണിന്റെ 14, 14 പ്രോ മോഡലുകൾക്കെതിരെ ഉപയോക്താക്കൾ പരാതി ഉന്നയിക്കുന്നതായി റിപ്പോർട്ട്. മോഡലുകൾ വാങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ ബാറ്ററി ലൈഫ് കുറയുന്നതായി ചില ഉപയോക്താക്കൾ പരാതി ഉന്നയിക്കുന്നതായി ദി വെർജ് റിപ്പോർട്ട് ചെയ്യുന്നു. ഐഫോണുകളുടെ ബാറ്ററി ലൈഫ് 90 ശതമാനമോ 80 ശതമാനമോ ആയി കുറഞ്ഞുവെന്ന് ചിലർ അവകാശപ്പെടുന്നു.
നിരവധി ഉപയോക്താക്കൾ ഈ മോഡലുകൾക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വിമർശനവുമായി രംഗത്തെത്തുന്നുണ്ട്. ആപ്പിൾ ട്രാക്കിലെ സാം കോൾ, വാൾ സ്ട്രീറ്റ് ജേർണൽ സീനിയർ ടെക് കോളമിസ്റ്റ് ജോവാന സ്റ്റേൺ എന്നിവരുൾപ്പെടെയുള്ള പ്രമുഖരായ ടെക്ക് വിദഗ്ധരും സമാനമായ അനുഭവങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഈ ബാറ്ററി ആരോഗ്യ പ്രശ്നത്തിന്റെ മുഴുവൻ വ്യാപ്തിയും വ്യക്തമല്ല.
എന്നാൽ സ്മാർട്ട്ഫോണിന്റെ ബാറ്ററി ലൈഫ് 80 ശതമാനത്തിൽ കുറയുകയാണെങ്കിൽ, ബാറ്ററി മാറ്റേണ്ടി വരുമെന്നാണ് ആപ്പിൾ തങ്ങളുടെ ഉപയോക്താക്കളോട് പറയുന്നത്. ആപ്പിൾ ഉൽപ്പന്നങ്ങളുടെ ഏതെങ്കിലും പാർട്ട് മാറ്റിസ്ഥാപിക്കുന്നതിന് ഏറെ വില നൽകേണ്ടി വരുമെന്നതും ഉപയോക്താക്കളെ ആശങ്കയിലാക്കുന്നുണ്ട്. 1.2 ലക്ഷം രൂപയിലധികം വിലയുള്ള ഫോണിന് ഒരു വർഷത്തിനുള്ളിൽ പുതിയ ബാറ്ററി വാങ്ങേണ്ടി വരുന്നു എന്നതിനെയും പലരും വിമർശിക്കുന്നുണ്ട്.
ഐഫോൺ 14 ബാറ്ററി ലൈഫ് പ്രശ്നത്തിൽ ആപ്പിൾ ഇതുവരെ പ്രതികരണം ഒന്നും നടത്തിയിട്ടില്ല. സെപ്റ്റംബറിൽ അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോൺ 15 സീരീസിന്റെ ലോഞ്ചിന് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഈ പ്രശ്നം വരുന്നത് എന്നതും ശ്രദ്ധേയമാണ്.
ഇതാദ്യമായല്ല ഐഫോണിന് നേരെ ഇത്തരം പരാതി ഉയരുന്നത്. 2017-ൽ, ഒരു സോഫ്റ്റ്വെയർ അപ്ഡേറ്റ് പുറത്തിറക്കിയതിന് പിന്നാലെ ഐഫോണിന്റെ ബാറ്ററി ലൈഫ് കുറയുന്നതായി വിമർശനം വന്നിരുന്നു. പുതിയതും കൂടുതൽ ചെലവേറിയതുമായ മോഡലുകൾ വാങ്ങാൻ ഉപയോക്താക്കളെ നിർബന്ധിക്കുന്നതിനുള്ള ഒരു തന്ത്രമായാണ് പലരും കണ്ടത്.
ബാറ്ററി ലൈഫ് വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പവർ മാനേജ്മെന്റ് ടൂൾ ഉപയോഗിച്ച് ആപ്പിൾ ഐഫോണുകൾക്കായി ഒരു സോഫ്റ്റ്വെയർ അപ്ഡേറ്റ് പുറത്തിറക്കി. എന്നാൽ ഈ ടൂൾ ഉപകരണങ്ങളുടെ പ്രോസസറുകളെ ബാധിച്ചു. 2018-ൽ ആപ്പിൾ ‘ബാറ്ററി ഹെൽത്ത്’ എന്ന ഫീച്ചർ അവതരിപ്പിച്ചു. ബാറ്ററിയുടെ ആരോഗ്യം പരിശോധിക്കാൻ ഇത് ഉടമകളെ അനുവദിക്കുകയും 80%-ത്തിൽ താഴെയാണെങ്കിൽ പകരം മാറ്റിവെക്കാൻ പറയുകയും ചെയ്യുന്നു.
ആപ്പിൾ കെയറിന്റെ വരിക്കാരാണെങ്കിൽ ഉപയോക്താക്കൾക്ക് ഒരു വർഷത്തെ വാറന്റിക്കുള്ളിൽ ബാറ്ററി സൗജന്യമായി മാറ്റിവെക്കാൻ സാധിക്കും. അല്ലാത്തപക്ഷം ഐഫോണിന്റെ 14, 14 പ്രോ മോഡലുകളുടെ ബാറ്ററിക്ക് 9,400 രൂപ നൽകേണ്ടി വരും. ഐഫോൺ 13, ഐഫോൺ 12 സീരീസുകളുടെ ബാറ്ററി റീപ്ലേസ്മെന്റ് ചെലവ് 8,400 രൂപയാണ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.