ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ ട്രക്കിന് പിന്നിൽ കാർ ഇടിച്ച് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. രാമനഗര ജില്ലയിലെ ചന്നപട്ടണയ്ക്ക് സമീപം ബുധനാഴ്ചയാണ് സംഭവം.
ടൊയോട്ട ഇന്നോവയിലെ ഡ്രൈവർക്കും പ്രായമായ സ്ത്രീക്കും പരിക്കേറ്റതായും അവർ ഗുരുതരാവസ്ഥയിലാണെന്നും പോലീസ് പറഞ്ഞു. ഒരു കുട്ടിക്കും കാറിലുണ്ടായിരുന്ന മറ്റു ചിലർക്കും നിസാര പരിക്കേറ്റു. പരിക്കേറ്റവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണ്.
ഓവർടേക്ക് ചെയ്യാനുള്ള തെറ്റായ ശ്രമമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബൈരപട്ന ഗ്രാമത്തിന് സമീപം ട്രക്കിനെ മറികടക്കാൻ ശ്രമിച്ചപ്പോൾ കാർ ട്രക്കിൽ ഇടിക്കുകയായിരുന്നു.
ചന്നപട്ടണ ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.
എക്സ്പ്രസ് വേയിൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ, ട്രാക്ടറുകൾ, ഓട്ടോറിക്ഷകൾ, എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയപ്പോഴും അപകടങ്ങൾ തുടരുകയാണ്. നിരോധനം നിലവിൽ വന്ന ഓഗസ്റ്റ് ഒന്നിന് ചട്ടം ലംഘിച്ചതിന് 137 കേസുകൾ രജിസ്റ്റർ ചെയ്യുകയും 68,500 രൂപ പിഴ ഈടാക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
ഈ വർഷം ജനുവരി മുതൽ എക്സ്പ്രസ് വേയിൽ 296 അപകടങ്ങളും 132 മരണങ്ങളും ഉണ്ടായതായി സമീപകാല മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. 118 കിലോമീറ്റർ ദൈർഘ്യമുള്ള എക്സ്പ്രസ് വേ മാർച്ച് 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.