നഗരത്തിൽ ഈദുൽ അദ്ഹയും ദേവശയനി ഏകാദശിയും സ്വരുമയോടെ ഒന്നിച്ച് ആഘോഷിച്ച് ജനങ്ങൾ

ബെംഗളൂരു: വ്യാഴാഴ്ച കർണാടകയിൽ മുസ്ലീം സഹോദരങ്ങൾ ഈദ് അൽ-അദ്ഹ ആഘോഷിച്ചു. കൂടാതെ ബക്രീദിനോട് അനുബന്ധിച്ച് തന്നെയായിരുന്നു നഗരത്തിലെ ആഷാഢ ഏകാദശി അഥവാ ദേവശയനി ഏകാദശി അതുകൊണ്ടുതന്നെ സംസ്ഥാനത്തെ വിഷ്ണു ക്ഷേത്രങ്ങൾ അലങ്കരിക്കുകയും പ്രത്യേക പൂജകൾ നടത്തുകയും ചെയ്തു.

ബെംഗളൂരുവിലെ ചാമരാജ് പേട്ടിലെ ഈദ്ഗാഹ് മൈതാനിയിൽ സംസ്ഥാന ഭവന മന്ത്രി ബി ഇസഡ് സമീർ അഹമ്മദ് ഖാനൊപ്പം മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക പ്രാർത്ഥനയിൽ പങ്കെടുത്തു. ഈദ് ദിനത്തിൽ അദ്ദേഹം ജനങ്ങൾക്ക് ആശംസകൾ നേർന്നു.

സമൂഹത്തിൽ വിദ്വേഷം പരത്തുന്നവർക്ക് പ്രാധാന്യം നൽകരുതെന്ന് ചടങ്ങിൽ സംസാരിച്ച സിദ്ധരാമയ്യ ജനങ്ങളോട് ആവശ്യപ്പെട്ടു.നാമെല്ലാവരും വ്യത്യസ്ത മതങ്ങളിലും ജാതികളിലും പെട്ടവരാണെന്നും എന്നാൽ നാമെല്ലാം മനുഷ്യരാണെന്നും പരസ്പര സ്നേഹത്തോടെയും വിശ്വാസത്തോടെയും ജീവിക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു.

ബക്രീദിനെ കുറിച്ച് സംസാരിക്കവെ, ത്യാഗത്തിന്റെ പ്രതീകമാണ് ഇന്നത്തെ ദിനമെന്നും അദ്ദേഹം പറഞ്ഞു. പള്ളികളിൽ നമസ്‌കാരാനന്തരം ആളുകൾ പരസ്പരം ആശ്ലേഷിച്ചും ഹസ്തദാനം ചെയ്തും ഈദ് മുബാറക് ആശംസകൾ കൈമാറി. വിവിധ മസ്ജിദുകളിൽ മതനേതാക്കൾ വിശ്വാസികൾക്ക് ഈദ് സന്ദേശം നൽകി. ത്യാഗത്തിന്റെ ഉത്സവം എന്നറിയപ്പെടുന്ന ബക്രീദിന്റെ ചൈതന്യം കെടുത്തിയില്ല കഴിഞ്ഞ ദിവസങ്ങളിലെ മഴ.

ദേവശയനി ഏകാദശിയുടെ ഭാഗമായി സംസ്ഥാനത്തെ വിഷ്ണു ക്ഷേത്രങ്ങൾ ഉത്സവ പ്രതീതിയിലായിരുന്നു. തദവസരത്തിൽ പ്രത്യേക പ്രാർത്ഥനകളും നടന്നു. കനകപുര റോഡിലുള്ള ഇസ്‌കോൺ ക്ഷേത്രത്തിൽ ജപവും യജ്ഞവും നടത്തിയിരുന്നതായി ഇസ്‌കോണിലെ ചൈതന്യദാസൻ പറഞ്ഞു.ചാതുർമാസം എന്നറിയപ്പെടുന്ന ഈ ദിവസം വിഷ്ണു നാല് മാസത്തേക്ക് വിശ്രമിക്കുമെന്നും ഈ കാലയളവിൽ മംഗളകരമായ ഒന്നും ചെയ്യാൻ പാടില്ലെന്നും ഭക്തർ വിശ്വസിക്കുന്നത്.

തീരദേശ കർണാടക, കല്യാണ കർണാടക, കിത്തൂർ കർണാടക മേഖല, പഴയ മൈസൂരു മേഖല എന്നിവിടങ്ങളിൽ ഈദുൽ അദ്ഹ ആവേശത്തോടെ ആഘോഷിച്ചു.

ഉഡുപ്പി, മംഗളൂരു, കാസർകോട് എന്നിവിടങ്ങളിലെ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. കർണാടക അസംബ്ലി സ്പീക്കർ യു ടി ഖാദർ കൂട്ട പ്രാർത്ഥനയിൽ പങ്കെടുത്ത് പിന്നീട് ജനങ്ങളെ അഭിവാദ്യം ചെയ്തു.

ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും തീരദേശ ജില്ലകളിൽ ആളുകൾ ഈദുൽ അദ്ഹ (ബക്രീദ്) പരമ്പരാഗത തീക്ഷ്ണതയോടും ഭക്തിയോടും സന്തോഷത്തോടും കൂടി ആഘോഷിച്ചു.

നഗരത്തിലെ ലൈറ്റ് ഹൗസ് കുന്നിലെ പ്രസിദ്ധമായ ഈദ്ഗാ മൈതാനിയിൽ മുസ്ലീങ്ങൾ ധാരാളമായി ഒത്തുകൂടി. ബവുത്ത ഗുഡ്ഡയിലെ ഈദ്ഗാഹ് മസ്ജിദിലും ഉള്ളാള് സെൻട്രൽ ജുമാമസ്ജിദിലും ദക്ഷിണ കന്നഡയിലെ വിവിധ പള്ളികളിലും ഈദ് നമസ്‌കാരവും ഖുത്ബയും നടന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us