രണ്ട് ബൾബുകൾ മാത്രമുള്ള വീട്ടിൽ വൈദ്യുതി ബില്ല് ഒരു ലക്ഷത്തിലധികം 

ബെംഗളൂരു : 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയെന്ന സിദ്ധരാമയ്യ സർക്കാരിൻറെ പ്രഖ്യാപനം കൊട്ടിഘോഷിക്കപ്പെടുന്നതിനിടെ വയോധികയെ തേടിയെത്തിയത് ഒരു ലക്ഷത്തിലധികം രൂപയുടെ വൈദ്യുതി ബിൽ.

 

20 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗമുള്ള ഉപഭോക്താക്കൾക്ക് ‘ഗൃഹ ജ്യോതി’ പദ്ധതി പ്രകാരം നിരക്ക് ഈടാക്കില്ലെന്ന പ്രഖ്യാപനത്തിനിടെയാണ് കൊപ്പളയിലെ ഭാഗ്യനഗർ സ്വദേശിനിയായ ഗിരിജമ്മയ്‌ക്ക് 1,03,315 രൂപയുടെ വൈദ്യുതി ബിൽ ലഭിക്കുന്നത്.

നിത്യേന രണ്ട് ബൾബുകൾ മാത്രം ഉപയോഗിക്കുന്ന വീട്ടിൽ ലക്ഷം രൂപയുടെ കറന്റ് ബിൽ എത്തിയതോടെ ഗിരിജമ്മ ഷോക്കേറ്റ പോലെ അമ്പരന്ന് നിന്നുപോയി.

 

ഒരു ചെറിയ തകരപ്പുരയിലാണ് ഗിരിജമ്മയുടെ താമസം. മുൻ സർക്കാരിൻറെ ‘ഭാഗ്യ ജ്യോതി’ പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് ഇവരുടെ വീട്ടിൽ വൈദ്യുതിയെത്തുന്നത്.

ഇതുപ്രകാരം 70 മുതൽ 80 രൂപ വരെയായിരുന്നു വൈദ്യുതി നിരക്ക്. എന്നാൽ ആറുമാസങ്ങൾക്ക് മുമ്പ് ജീവനക്കാരെത്തി ഗിരിജമ്മയുടെ വീട്ടിൽ പുതിയ മീറ്റർ സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൈദ്യുതി ബിൽ വർധിച്ച് ഒരുലക്ഷം രൂപയും കടന്നത്.

 

ഞാൻ താമസിക്കുന്ന ചെറിയ കുടിലിൽ രണ്ട് ബൾബുകൾ മാത്രമേയുള്ളൂ. കൂടാതെ മിക്സി ഉപയോഗിക്കാറില്ല. ഇപ്പോഴും മസാല അല്ലാതെ പൊടിച്ചാണ് പാകം ചെയ്യുന്നത്. പുതിയ മീറ്റർ സ്ഥാപിച്ചതിന് ശേഷമാണ് ഇത്രയും ബിൽ വന്നതെന്നും ഗിരിജമ്മ പറഞ്ഞു.

ഇത്രയും വലിയ ബിൽ താൻ എങ്ങനെ അടച്ചുതീർക്കുമെന്നും അവർ ആശങ്കയറിയിച്ചു. അതേസമയം കർണാടകയിലെ മുൻ സർക്കാർ പാവപ്പെട്ടവർക്കായി നടപ്പാക്കിയ സൗജന്യ വൈദ്യുതി പദ്ധതിയായിരുന്നു ഭാഗ്യജ്യോതി യോജന. ഈ പദ്ധതി പ്രകാരം 40 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും അധിക കറന്റ് ഉപയോഗവും അതിനുള്ള ബില്ലും അടയ്ക്കണം.

എന്നാൽ വയോധികയ്ക്ക് ഭീമൻ വൈദ്യുതി ബിൽ വന്നതായുള്ള വിവരമറിഞ്ഞതോടെ കോപ്പള ജെസ്‌കോം എക്‌സിക്യുട്ടീവ് എഞ്ചിനീയർ രാജേഷ് ഗിരിജമ്മയുടെ വീട്ടിലേക്ക് നേരിട്ടെത്തി.

ഭീമൻ ബിൽ എത്തിയത് ശ്രദ്ധ കുറവാണെന്നും അത് അടയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. ബിൽ തങ്ങൾ പുനഃപരിശോധിക്കുമെന്നും വീട്ടുകാർ ഇത്രയും വൈദ്യുതി ഉപയോഗിക്കുന്നതായി പ്രത്യക്ഷത്തിൽ കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഇത് തങ്ങളുടെ ജീവനക്കാർക്കും ബിൽ കലക്ടർമാർക്കും വന്ന കൈപ്പിഴയാണെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലുള്ള സംഭവങ്ങൾ പൊതുജനങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയാൽ അത് പരിശോധിക്കുമെന്നും എക്സിക്യുട്ടീവ് എഞ്ചിനീയർ കൂട്ടിച്ചേർത്തു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us